28/03/2026
[fontresizer_tawhidurrahmandear_widget]

ഐക്യു കുത്തനെ താഴേക്ക്: ബുദ്ധിശക്തി കുറയുന്ന ആദ്യ തലമുറയായി ‘ജെൻ സി’; പുതിയ പഠനം പുറത്ത്

 ഐക്യു കുത്തനെ താഴേക്ക്: ബുദ്ധിശക്തി കുറയുന്ന ആദ്യ തലമുറയായി ‘ജെൻ സി’; പുതിയ പഠനം പുറത്ത്

സ്മാർട്ട്‌ഫോണുകളും ഹൈസ്പീഡ് ഇന്റർനെറ്റുമായി ജനിച്ചു വളർന്നവരാണ് ജനറേഷൻ ഇസഡ് (Gen Z). എന്നാൽ, സാങ്കേതികവിദ്യയുടെ അതിപ്രസരം നമ്മുടെ പുതുതലമുറയുടെ ബുദ്ധിശക്തിയെ പ്രതികൂലമായി ബാധിക്കുന്നുവോ? മില്ലേനിയലുകളെ അപേക്ഷിച്ച് വൈജ്ഞാനിക ശേഷിയിലും ഐക്യു നിലവാരത്തിലും ഇടിവ് രേഖപ്പെടുത്തിയ ആദ്യ തലമുറയായി ‘ജെൻ സി’ മാറിയെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ന്യൂറോ ശാസ്ത്രജ്ഞനായ ഡോ. ജാരെഡ് കൂണി ഹോർവാത്ത് യുഎസ് സെനറ്റ് കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ്, ഡിജിറ്റൽ ലോകത്തെ കുതിച്ചുചാട്ടം എങ്ങനെയാണ് യുവാക്കളുടെ മസ്തിഷ്‌ക വികാസത്തെ തളർത്തുന്നതെന്ന ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

അമിതമായ സാങ്കേതികവിദ്യയുടെ ഉപയോഗവും വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽവൽക്കരണവുമാണ് തകർച്ചയ്ക്ക് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. 2010 മുതൽ യുവാക്കളുടെ വൈജ്ഞാനിക കഴിവുകളിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മില്ലേനിയലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജനറേഷൻ ഇസഡിന് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, പ്രശ്‌നപരിഹാര ശേഷി, വായന, ഗണിത കഴിവുകൾ എന്നിവയിൽ വലിയ കുറവുണ്ട്.

മുഖാമുഖമുള്ള ആശയവിനിമയത്തിലൂടെയും ആഴത്തിലുള്ള പഠനത്തിലൂടെയുമാണ് മനുഷ്യ മസ്തിഷ്‌കം വികസിക്കാൻ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഒരു കൗമാരക്കാരൻ ഉണർന്നിരിക്കുന്ന സമയത്തിന്റെ പകുതിയിലധികവും സ്‌ക്രീനുകളിലാണ് ചെലവഴിക്കുന്നത്. ബുള്ളറ്റ് പോയിന്റുകളിലൂടെയുള്ള ഉപരിപ്ലവമായ ഇത്തരം പഠനരീതി തലച്ചോറിന്റെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തുന്നു. കേവലം അമേരിക്കയിൽ മാത്രമല്ല, ഡിജിറ്റൽ സാങ്കേതികവിദ്യ സ്വീകരിച്ച ലോകത്തിലെ 80ൽ അധികം രാജ്യങ്ങളിൽ സമാനമായ പ്രവണതയാണ് കാണുന്നതെന്ന് ഡോ. ഹോർവാത്ത് വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ സാങ്കേതികവിദ്യ നവീകരിക്കുന്നത് ഈ പ്രതിസന്ധിക്ക് പരിഹാരമല്ലെന്നും, മനുഷ്യർ തമ്മിലുള്ള നേരിട്ടുള്ള ബന്ധങ്ങളിലൂടെ മാത്രമേ വൈജ്ഞാനിക വികസനം സാധ്യമാകൂ എന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

Also read: