രാവിലത്തെ ബ്രെഡ് തീറ്റ അത്ര ‘സേഫ്’ അല്ല; ഈ അപൂർവ ആരോഗ്യ ഭീഷണി അറിഞ്ഞിരിക്കാം
മലയാളികളുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ബ്രെഡ് മാറിക്കഴിഞ്ഞു. തിരക്കേറിയ രാവിലെകളിൽ ചായയ്‌ക്കൊപ്പമോ ഓംലെറ്റിനൊപ്പമോ സാൻഡ്‌വിച്ചായോ ബ്രെഡ് കഴിക്കുന്നത് ഇന്ന് സർവ്വസാധാരണമാണ്. പോഹയ്‌ക്കൊപ്പവും ജാമിനൊപ്പവും വരെ ബ്രെഡ് കഴിക്കുന്ന ശീലം പല ഇന്ത്യൻ വീടുകളിലുമുണ്ട്. എന്നാൽ, ദിവസേനയുള്ള ബ്രെഡ് ഉപയോഗം ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്? പ്രശസ്ത വെൽനസ് വിദഗ്ധനായ ഡോ. മിക്കി മേത്ത ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പങ്കുവെച്ച കാര്യങ്ങൾ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
‘ഓട്ടോബ്രൂവറി സിൻഡ്രോം’
ദിവസേന പ്രഭാതഭക്ഷണത്തിന് ബ്രെഡിനെ അമിതമായി ആശ്രയിക്കുന്നതിനെതിരെ ഡോ. മിക്കി മേത്ത ഗൗരവകരമായ ചില മുന്നറിയിപ്പുകൾ നൽകുന്നു. അമിതമായ ബ്രെഡ് ഉപയോഗം ഓട്ടോബ്രൂവറി സിൻഡ്രോം എന്ന അപൂർവവും എന്നാൽ ഗുരുതരവുമായ അവസ്ഥയ്ക്ക് കാരണമായേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘നിങ്ങൾ നിങ്ങളുടെ ശരീരത്തിൽ നൽകുന്ന ഏറ്റവും അപകടകരമായ കാര്യമായിരിക്കാം ബ്രെഡ്’ എന്നാണ് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടത്.
കുടലിലെ ചില സൂക്ഷ്മാണുക്കൾ (Saccharomyces cerevisiae, Candida albicans തുടങ്ങിയവ) ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകളെ പുളിപ്പിച്ച് ലഹരിപാനീയങ്ങളിൽ കാണപ്പെടുന്ന എത്തനോൾ അഥവാ ആൽക്കഹോളാക്കി മാറ്റുന്ന അവസ്ഥയാണിത്. ഇതുമൂലം മദ്യം കഴിക്കാതെ തന്നെ ഒരാൾക്ക് മദ്യലഹരിയുടെ ലക്ഷണങ്ങൾ അനുഭവപ്പെടാം. ദഹനം മെച്ചപ്പെടുത്തുന്നതിനായി രാത്രിയിലും രാവിലെയും ഇസാബ്‌ഗോൾ (sPyllium Husk) ഭക്ഷണത്തിൽ ഉൾപ്പെടുത്താനും അദ്ദേഹം നിർദ്ദേശിക്കുന്നു.
പോഷകസമൃദ്ധം, പക്ഷേ ശ്രദ്ധയോടെ
അതേസമയം, ബ്രെഡ് പോഷകങ്ങളുടെ മികച്ച ഉറവിടം കൂടിയാണെന്ന് ഡയറ്റീഷ്യൻമാർ വ്യക്തമാക്കുന്നു. ഹോൾ വീറ്റ് അല്ലെങ്കിൽ മൾട്ടിഗ്രെയിൻ ബ്രെഡുകൾ നാരുകൾ, ഇരുമ്പ്, ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ്. ഒരു കഷ്ണം ഗോതമ്പ് ബ്രെഡിൽ ഏകദേശം 77 കലോറിയും 4 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
- ദഹനവും ഹൃദയാരോഗ്യവും: നാരുകൾ അടങ്ങിയ ബ്രെഡ് ദഹനം സുഗമമാക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഓട്‌സ്, പയർവർഗ്ഗങ്ങൾ എന്നിവ ചേർത്ത ബ്രെഡുകൾ കൊളസ്‌ട്രോൾ ആഗിരണം ചെയ്യുന്നത് തടയാനും ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.
- ഊർജ്ജം: കായികതാരങ്ങൾക്കും കുട്ടികൾക്കും പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ ബ്രെഡിലെ കാർബോഹൈഡ്രേറ്റ് സഹായിക്കുന്നു.
- ഗർഭകാലത്തെ ഗുണങ്ങൾ: വൈറ്റ് ബ്രെഡിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ് ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് വക്താവായ എലാന നാറ്റ്കർ ചൂണ്ടിക്കാട്ടുന്നു.
ആർക്കൊക്കെയാണ് അപകടസാധ്യത?
എബിഎസ് അപൂർവമാണെങ്കിലും പ്രമേഹം, അമിത മദ്യപാനം, ദീർഘകാല ആന്റിബയോട്ടിക് ഉപയോഗം, ക്രോൺസ് രോഗം തുടങ്ങിയവ ഉള്ളവർക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നവരും ശ്രദ്ധിക്കണം.
മിതത്വം പ്രധാനം
ബ്രെഡ് പൂർണമായും ഒഴിവാക്കേണ്ട ഒന്നല്ലെങ്കിലും മിതത്വം പാലിക്കണമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. വെളുത്ത ബ്രെഡിന് പകരം കൂടുതൽ നാരുകളുള്ള തവിട് നീക്കം ചെയ്യാത്ത ബ്രെഡുകൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. വിശദീകരിക്കാനാകാത്ത ലഹരിയുടെ ലക്ഷണങ്ങളോ, ഗ്യാസ്, വയറുവേദന തുടങ്ങിയ ദഹനപ്രശ്‌നങ്ങളോ പതിവാകുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യവിദഗ്ധന്റെ സേവനം തേടേണ്ടതാണ്.