പാക് സ്പിന്നറുടെ ബൗളിംഗ് ആക്ഷനെച്ചൊല്ലി വിവാദത്തിൽ; പിന്തുണയുമായി അശ്വിൻ
കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്താൻ ഓഫ് സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെച്ചൊല്ലി വിവാദം ഉയരുന്നതിനിടെ, താരത്തിന് പിന്തുണയുമായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ബാറ്റിംഗിൽ സ്വിച്ച് ഹിറ്റും റിവേഴ്സ് സ്വീപ്പും ചെയ്യാൻ ബാറ്റർമാർക്ക് പൂർണ്ണ സ്വാതന്ത്ര്യമുള്ളപ്പോൾ, ബൗളർമാർക്ക് മാത്രം എന്തിനാണ് ഇത്രയധികം നിയന്ത്രണങ്ങളെന്ന് അശ്വിൻ ചോദിച്ചു. കേവലം വീഡിയോ ദൃശ്യങ്ങൾ കണ്ട് ഒരാൾ ചക്കിംഗ് നടത്തുന്നു എന്ന് വിധിക്കരുതെന്നും, ശാസ്ത്രീയമായ പരിശോധനകളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ പന്തിലും ഒരേ ആക്ഷൻ തന്നെയാണ് താരിഖിന്റേതെന്നും ഐസിസി അനുദവിച്ച 15 ഡിഗ്രിയിൽ കൂടുതൽ താരത്തിന്റെ കൈമുട്ട് വളയുന്നില്ലെന്നുമാണ് അംപയർ അനിൽ ചൗധരി വ്യക്തമാക്കിയത്.
“ഒന്നാമതായി, ഐസിസി ബൗളിംഗ് ആക്ഷൻ ടെസ്റ്റിംഗ് സെന്ററിൽ മാത്രമേ അദ്ദേഹത്തിന്റെ ആക്ഷന്റെ നിയമസാധുതകൾ പരിശോധിക്കാൻ കഴിയൂ. രണ്ടാമതായി, ഒരു 15 ഡിഗ്രി നിയമം ഉണ്ട്, അതനുസരിച്ച് ഒരു ബൗളർ തന്റെ കൈമുട്ട് ഉയർത്തിപ്പിടിച്ച് പന്തെറിയേണ്ടതുണ്ടെന്നും ആ 15 ഡിഗ്രി മാർക്കിനുള്ളിൽ ഒരു ബൗളർ പന്തെറിയുന്നുണ്ടോ എന്ന് ഓൺഫീൽഡ് അമ്പയർ വിലയിരുത്തുന്നത് അസാധ്യമാണെന്നും പറയുന്നു. അതിനുള്ള ഏക പരിഹാരം മത്സര പരിശോധനാ ഉപകരണത്തിൽ തത്സമയം നിരീക്ഷിക്കുക എന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു അവ്യക്ത മേഖലയാണ്. അവ്യക്ത മേഖല ഉപയോഗിച്ചതിന് ഒരാളെ കുറ്റപ്പെടുത്തുന്നത് തെറ്റാണ്. അവസാനമായി, ക്രീസിൽ താൽക്കാലികമായി നിർത്തുന്നത് നിയമപരമാണോ അല്ലയോ, അവിടെയാണ് അത് പൂർണ്ണമായും നിയമപരമാണെന്ന് ഞാൻ വിശ്വസിക്കുന്നത്, കാരണം അതാണ് അദ്ദേഹത്തിന്റെ പതിവ് ആക്ഷൻ.” – അശ്വിൻ എക്സിൽ കുറിച്ചു.
അമേരിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റുമായി പാകിസ്താൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചതോടെയാണ് താരിഖിന്റെ ആക്ഷൻ വീണ്ടും ചർച്ചയായത്. പന്തെറിയുന്നതിന് തൊട്ടുമുമ്പ് താരം നിശ്ചലനാകുന്നതും കൈമുട്ടിന്റെ വളവുമാണ് മുൻ ഇന്ത്യൻ താരം ശ്രീവത്സ ഗോസ്വാമി ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തത്. ഫുട്ബോളിലെ പെനാൽറ്റി നിയമങ്ങളുമായി താരതമ്യം ചെയ്തായിരുന്നു ഗോസ്വാമിയുടെ വിമർശനം. ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനും ഉസ്മാൻ താരിഖിന്റെ ആക്ഷൻ തെറ്റാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
നേരത്തെ പാകിസ്താൻ സൂപ്പർ ലീഗിലും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും, ലാഹോറിലെ ഐസിസി അംഗീകൃത ലാബിൽ നടത്തിയ പരിശോധനയിൽ താരിഖിന്റെ ആക്ഷൻ നിയമപരമാണെന്ന് കണ്ടെത്തിയിരുന്നു. ഐസിസി നിശ്ചയിച്ചിട്ടുള്ള 15 ഡിഗ്രി പരിധിക്കുള്ളിലാണ് താരത്തിന്റെ കൈമുട്ടിന്റെ ചലനമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവർത്തിക്കുന്നു.
നിലവിലെ ലോകകപ്പിൽ അമ്പയർമാർ ഔദ്യോഗികമായി പരാതിപ്പെടാത്ത സാഹചര്യത്തിൽ താരിഖിന് തുടർന്നും പന്തെറിയാൻ തടസ്സമില്ല. വരാനിരിക്കുന്ന നിർണ്ണായക മത്സരങ്ങളിലും താരിഖിന്റെ പ്രകടനം പാകിസ്താന് ഏറെ പ്രധാനമാണ്.