02/03/2026
[fontresizer_tawhidurrahmandear_widget]

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗക്കേസിലും മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

 രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗക്കേസിലും മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസമായി ഹൈക്കോടതി വിധി. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ രാഹുലിനെതിരെ നിലവിലുള്ള മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിച്ച കോടതി, ആരോപിക്കപ്പെടുന്ന രീതിയിലുള്ള പീഡനം നടന്നതായി പ്രഥമദൃഷ്ട്യാ കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്.

കർശനമായ ഉപാധികളോടെയാണ് ജസ്റ്റിസ് ജാമ്യം നൽകിയത്. ഈ മാസം 16ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ രാഹുൽ ഹാജരാകണം. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ചോദ്യം ചെയ്യലിന് വിധേയനാകണം. ഈ സമയം കസ്റ്റഡിക്ക് തുല്യമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഫോൺ അന്വേഷണസംഘത്തിന് കൈമാറണം, വൈദ്യപരിശോധനയ്ക്ക് വിധേയനാകണം, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം എന്നിവയാണ് മറ്റ് പ്രധാന വ്യവസ്ഥകൾ.

കൂടാതെ, എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തുപോകുന്നതിനും വിലക്കുണ്ട്. നേരത്തെ, രാഹുൽ യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്തതാണെന്നും മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ പ്രതിഭാഗം ഇത് കോടതിയിൽ ശക്തമായി എതിർത്തു.

Also read: