02/03/2026
[fontresizer_tawhidurrahmandear_widget]

സൈനിക ഓപറേഷനിടെ യുഎസ് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു; നാവികർക്ക് പരിക്ക്

 സൈനിക ഓപറേഷനിടെ യുഎസ് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു; നാവികർക്ക് പരിക്ക്

വാഷിങ്ടൺ: പുതിയ സൈനിക നീക്കത്തിനിടെ രണ്ട് അമേരിക്കൻ നാവികസേനാ കപ്പലുകൾ നടുക്കടലിൽ കൂട്ടിയിടിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പ്രത്യേക സൈനിക ഓപറേഷന്റെ ഭാഗമായി പട്രോളിങ് നടത്തുകയായിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച തെക്കേ അമേരിക്കൻ തീരത്താണു സംഭവം. അപകടത്തിൽ രണ്ട് നാവിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി നേവി വൃത്തങ്ങൾ അറിയിച്ചു.

യുഎസ്എസ് ട്രക്സ്റ്റൺ എന്ന ഡിസ്‌ട്രോയർ വിഭാഗത്തിൽപ്പെട്ട യുദ്ധക്കപ്പലും, യുഎസ്എൻഎസ് സപ്ലൈ എന്ന ഫാസ്റ്റ് കോംബാറ്റ് സപ്പോർട്ട് കപ്പലുമാണ് കൂട്ടിയിടിച്ചത്. കടലിൽ വെച്ച് സഞ്ചരിച്ചുകൊണ്ട് തന്നെ ഇന്ധനം നിറയ്ക്കുന്ന അതീവ ജാഗ്രത വേണ്ട പ്രക്രിയയ്ക്കിടെയാണ് അപകടം സംഭവിച്ചത്. കപ്പലുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി വരികയാണെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി ആറിനാണ് യുഎസ്എസ് ട്രക്സ്റ്റൺ വിർജീനിയയിൽനിന്ന് പുതിയ ഓപറേഷനായി പുറപ്പെട്ടത്.

സാധാരണഗതിയിലുള്ള ഒരു അപകടം എന്നതിലുപരി, മേഖലയിലെ അമിത സൈനിക വിന്യാസത്തിന്റെ സൂചനയായാണ് ഇതിനെ നിരീക്ഷകർ കാണുന്നത്. ‘ഓപറേഷൻ സതേൺ സ്പിയർ’ എന്ന പേരിൽ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച വൻ സൈനിക നീക്കത്തിന്റെ ഭാഗമായാണ് കപ്പലുകൾ ഇവിടെ എത്തിയത്. കരീബിയൻ കടലിലും തെക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലുമായി ലഹരി കടത്ത് തടയുക എന്നതാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, വെനസ്വേലയ്ക്കും മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കും മേൽ സമ്മർദം ചെലുത്തുക എന്നതാണ് അമേരിക്കയുടെ യഥാർത്ഥ ലക്ഷ്യം.

പതിറ്റാണ്ടുകൾക്കിടയിൽ തെക്കേ അമേരിക്കൻ മേഖലയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണിത്. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന കൂറ്റൻ വിമാനവാഹിനി കപ്പൽ ഉൾപ്പെടെ 12 യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വിമാനങ്ങളും അടങ്ങുന്ന വൻപ്പടയാണ് സതേൺ കമാൻഡിന് കീഴിൽ അണിനിരന്നിരിക്കുന്നത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ തട്ടിക്കൊണ്ടുപോയ ശേഷമുള്ള പുതിയ നീക്കങ്ങളും, മേഖലയിലെ ചൈനീസ് സ്വാധീനം (പ്രത്യേകിച്ച് പെറുവിലെ തുറമുഖ നിക്ഷേപങ്ങൾ) തടയുക എന്നതും ട്രംപിന്റെ അജണ്ടയിലുണ്ട്.

സമാധാനകാലത്ത് ഇത്രയധികം യുദ്ധക്കപ്പലുകൾ ഈ മേഖലയിൽ വിന്യസിക്കുന്നത് സംഘർഷസാധ്യത വർധിപ്പിക്കുന്നുവെന്ന് ബ്രസീൽ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2017-ൽ പസഫിക് സമുദ്രത്തിൽ വെച്ചുണ്ടായ സമാനമായ കപ്പൽ കൂട്ടിയിടികളിൽ 17 നാവികർ കൊല്ലപ്പെട്ടിരുന്നു. വിശ്രമമില്ലാത്ത ജോലിയും തിരക്കിട്ടുള്ള സൈനിക നീക്കങ്ങളുമാണ് ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് അന്ന് വിമർശനം ഉയർന്നിരുന്നു.

Also read: