04/03/2026
[fontresizer_tawhidurrahmandear_widget]

‘പ്രകോപനപരമായ പ്രൊമോകൾ, യുദ്ധസമാനമായ അംഗവിക്ഷേപങ്ങൾ; ഇന്ത്യ-പാക് മത്സരങ്ങൾ രാഷ്ട്രീയ കരുനീക്കങ്ങൾക്കുള്ള ആയുധമായി മാറുന്നു’-വിമർശനവുമായി ഹർഷ ഭോഗ്ലെ

 ‘പ്രകോപനപരമായ പ്രൊമോകൾ, യുദ്ധസമാനമായ അംഗവിക്ഷേപങ്ങൾ; ഇന്ത്യ-പാക് മത്സരങ്ങൾ രാഷ്ട്രീയ കരുനീക്കങ്ങൾക്കുള്ള ആയുധമായി മാറുന്നു’-വിമർശനവുമായി ഹർഷ ഭോഗ്ലെ

ഹൈദരാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങൾ കേവലം രാഷ്ട്രീയ കരുനീക്കങ്ങൾക്കുള്ള ആയുധമായി മാറുന്നു എന്ന രൂക്ഷവിമർശനവുമായി പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ. മുൻകാലങ്ങളിൽ ഇന്ത്യ-പാക് മത്സരങ്ങൾ ആരാധകർക്ക് നൽകിയിരുന്ന ആവേശവും വൈകാരികതയും ഇപ്പോൾ നഷ്ടപ്പെടുന്നു. അന്നുണ്ടായിരുന്ന ആവേശത്തിനു പകരം ഇപ്പോൾ രാഷ്ട്രീയവും സാമ്പത്തിക താൽപര്യങ്ങളുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടങ്ങളെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടി20 ലോകകപ്പിൽ ഇന്നു നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുന്നോടിയായി തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഹർഷ ഭോഗ്ലെയുടെ വിമർശനം.

‘സത്യം പറഞ്ഞാൽ ഈ മത്സരത്തിൽ എനിക്ക് ഒട്ടും ആവേശം തോന്നുന്നില്ല. മുൻപൊക്കെ ഓരോ പന്തിനും വയറ്റിൽ ഒരു കാളലായിരുന്നു. പ്രതീക്ഷകൾ ഉയരുകയും താഴുകയും ചെയ്യുമായിരുന്നു. ഒരു വലിയ ഇമോഷണൽ റോളർ കോസ്റ്ററിലിരിക്കുന്നത് പോലെയായിരുന്നു അത്. എന്നാൽ ഇന്ന് ആ അവസ്ഥ മാറി.’-ഹർഷ പറഞ്ഞു.

ക്രിക്കറ്റ് എന്ന കായിക വിനോദം വലിയ സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊടുത്തുവിടുന്ന ഒരു അമ്പായി കളി മാറിയിരിക്കുന്നു. മത്സരക്രമങ്ങൾ എല്ലാവർക്കും അനുയോജ്യമായ രീതിയിൽ മാറ്റുന്നു. പ്രകോപനപരമായ പ്രൊമോകൾ നിർമിക്കുന്നു, യുദ്ധസമാനമായ അംഗവിക്ഷേപങ്ങൾ കാണിക്കുന്നു. കളി ആസ്വദിക്കുന്നതിന് പകരം അതിനെ ചൂഷണം ചെയ്യുകയാണ് ഇതിലൂടെയെല്ലാം ചെയ്യുന്നതെന്ന് ഹർഷ കുറ്റപ്പെടുത്തി.

കളത്തിന് പുറത്ത് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ കാരണം പാകിസ്ഥാൻ ടീം വലിയ സമ്മർദത്തിലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രൗണ്ടിലെ വെളുത്ത വര കടന്നാൽ, പുറത്തെ പ്രശ്‌നങ്ങൾ മറന്ന് കളിക്കാർക്ക് സ്വതന്ത്രമായി കളിക്കാൻ കഴിയുമോ എന്നത് സംശയമാണ്. മറുഭാഗത്ത് ഇന്ത്യ വളരെ അയഞ്ഞ മട്ടിലാണ് മത്സരത്തെ കാണുന്നത്. ‘ഇത് ഞങ്ങൾക്ക് മറ്റൊരു മത്സരം മാത്രം’ എന്ന മട്ടിലാണ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ഈ അമിതമായ ലാഘവത്വം കളിയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണണമെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ലാഭങ്ങൾക്കപ്പുറം ക്രിക്കറ്റ് അതിന്റെ തനിമയിലേക്ക് മടങ്ങിവരണം. മികച്ച ക്രിക്കറ്റ് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഹർഷ ഭോഗ്ലെ കൂട്ടിച്ചേർത്തു.

Also read: