ഇന്ത്യയോട് തോൽക്കുന്നത് കാണാനാവില്ല; പാകിസ്താന്റെ മത്സരം തീരുംമുൻപേ സ്‌റ്റേഡിയം വിട്ട് നഖ്‌വി
കൊളംബോ: ഇന്ത്യയോടേറ്റ കനത്ത ബാറ്റിങ് തകർച്ചയ്ക്ക് പിന്നാലെ പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി മത്സരം കഴിയുന്നതിന് മുൻപുതന്നെ സ്‌റ്റേഡിയം വിട്ടു. കൊളംബോയിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് പോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. പാകിസ്ഥാൻ ഇന്നിങ്‌സ് തകർച്ച നേരിടുന്നതിനിടെ നഖ്‌വി കറുത്ത കാറിൽ സ്‌റ്റേഡിയത്തിൽ നിന്ന് മടങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാന്റെ (77) തകർപ്പൻ പ്രകടനത്തിന്റെയും തിലക് (25), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവരുടെ ബാറ്റിങ്ങിന്റെയും കരുത്തിൽ നിശ്ചിത ഓവറിൽ 175/7 എന്ന സ്‌കോർ ഉയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഇന്ത്യൻ ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 34 പന്തിൽ 44 റൺസെടുത്ത ഉസ്മാൻ ഖാൻ മാത്രമാണ് അല്പമെങ്കിലും പോരാട്ടവീര്യം പുറത്തെടുത്തത്.
ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ എന്നിവരുടെ കൃത്യതയാർന്ന ബൗളിങ്ങിൽ പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് പുറത്തായി. ഇന്ത്യയ്ക്കായി അക്‌സർ പട്ടേൽ രണ്ട് വിക്കറ്റും ഹാർദിക്, ബുംറ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഈ വിജയത്തോടെ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയ ഇന്ത്യ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി.