‘എനിക്ക് ശേഷം അവളെ ആര് നോക്കും?’; ബെംഗളൂരുവിൽ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു
ബെംഗളൂരു: തന്റെ മരണശേഷം ഭാര്യയെ ആര് പരിപാലിക്കുമെന്ന ആശങ്കയെത്തുടർന്ന് 76കാരനായ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഭാര്യയെ കൊലപ്പെടുത്തി. ഇന്നലെ രാവിലെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിന് സമീപമുള്ള വയോജന പാർപ്പിട സമുച്ചയത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുൻ ഐഎസ്ആർഒ ടീം ലീഡറായിരുന്ന നാഗേശ്വര റാവു ആണ് ഭാര്യ സന്ധ്യാശ്രീയെ (63) കൊലപ്പെടുത്തിയത്.
രാവിലെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സന്ധ്യയെ റാവു ബാത്ത് ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അയൽക്കാരനെ ഫോണിൽ വിളിച്ച് താൻ ഭാര്യയെ കൊന്നുവെന്നും ഉടൻ വരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ആദ്യം തമാശയാണെന്ന് കരുതിയ അയൽക്കാരൻ വീട്ടിലെത്തിയപ്പോഴാണ് സന്ധ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അപ്പാർട്ട്‌മെന്റിലെ ഡോക്ടറെത്തി മരണം സ്ഥിരീകരിക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
‘അതെ, ഞാൻ അവളെ കൊന്നു. ഇനി അധികകാലം ഞാൻ ജീവിച്ചിരിക്കില്ല, എനിക്ക് ശേഷം അവളെ നോക്കാൻ ഇവിടെ ആരുമില്ല,’ എന്നാണ് പോലീസിനോട് റാവു പറഞ്ഞത്. ദമ്പതികളുടെ ഏക മകൾ അമേരിക്കയിലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നാഗേശ്വര റാവു മാനസിക പ്രയാസങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പോലീസ് അറിയിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയോജനങ്ങൾക്കായി എല്ലാ സുരക്ഷാ സംവിധാനങ്ങളുമുള്ള ഒരു കമ്മ്യൂണിറ്റി ലിവിംഗ് ഏരിയയിൽ ഇത്തരമൊരു സംഭവം നടന്നത് അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്.