കത്തുന്ന വെയിലിൽ കുളിരായി ‘സ്നേഹത്തിന്റെ തണുപ്പ്’; തൊഴിലാളികൾക്ക് ഐസ്ക്രീം വിതരണം ചെയ്ത് യുവാവ്
ബംഗളൂരു: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ റോഡ് പണിയിലേർപ്പെട്ട തൊഴിലാളികൾക്ക് ഐസ്ക്രീം വിതരണം ചെയ്ത് മാതൃകയാവുകയാണ് ബംഗളൂരുവിലെ ഒരു യുവാവ്. കഠിനമായ ചൂടിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്നവരുടെ പ്രയാസമകറ്റാൻ ‘സ്നേഹത്തിന്റെ തണുപ്പുമായി’ എത്തിയ ലക്ഷ്മൺ ഭാരതി എന്ന യുവാവിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ പുറത്തിറങ്ങരുതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഈ നിർദേശങ്ങൾക്കിടയിലും ഉപജീവനത്തിനായി കത്തുന്ന വെയിലിൽ പണിയെടുക്കാൻ വിധിക്കപ്പെട്ടവരാണ് റോഡ് നിർമാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ. ഇത്തരത്തിൽ നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ജോലി ചെയ്യുന്നവരുടെ അടുത്തേക്ക് ബൈക്കിലെത്തിയ ലക്ഷ്മൺ, അവരോട് കുശലാന്വേഷണം നടത്തുകയും തുടർന്ന് തന്റെ ബാഗിൽ കരുതിയിരുന്ന ഐസ്ക്രീം കോണുകൾ നൽകി അവരെ അത്ഭുതപ്പെടുത്തുകയുമായിരുന്നു.
ഒരു കണ്ടന്റ് ക്രിയേറ്റർ കൂടിയായ ലക്ഷ്മൺ തന്റെ യാത്രയ്ക്കിടയിലാണ് നന്മ പ്രവർത്തി ചെയ്തത്. അപ്രതീക്ഷിതമായി ലഭിച്ച സ്നേഹസമ്മാനത്തിൽ ആദ്യം ഒന്ന് അമ്പരന്നെങ്കിലും, തൊഴിലാളികളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയും നന്ദി നിറഞ്ഞ നോട്ടവുമാണ് വീഡിയോയിലെ ഹൃദയസ്പർശിയായ കാഴ്ച. “നന്മ ചെയ്യാൻ വലിയ പരിശ്രമങ്ങളോ സാമ്പത്തികമോ ആവശ്യമില്ലെന്നും, ചെറിയ പ്രവൃത്തികൾ കൊണ്ട് പോലും മറ്റുള്ളവരുടെ മനസ്സിൽ ഇടംപിടിക്കാമെന്നും” വീഡിയോ കണ്ട നെറ്റിസൺസ് കുറിക്കുന്നു.
മനുഷ്യത്വം മരവിക്കാത്ത ഇത്തരം ഇടപെടലുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നഗരത്തിലെ പൊള്ളുന്ന വെയിലിനിടയിൽ യുവാവ് പകർന്നത് കേവലം ഐസ്ക്രീമിന്റെ തണുപ്പ് മാത്രമല്ല, കരുതലിന്റെ വലിയൊരു സന്ദേശം കൂടിയാണ്.