വെളുത്ത വിവാഹ വസ്ത്രം പുതച്ച് വിമാന ജീവനക്കാരി അസ്സ റംസിക്ക് വിട: റിയാദ് ഹൂതി ആക്രമണത്തിലെ നോവാകുന്ന കാഴ്ച
ജിദ്ദ: റിയാദ് വിമാനത്താവളത്തിൽ കഴിഞ്ഞ ശനിയാഴ്ച ഹൂതികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഈജിപ്ഷ്യൻ വിമാന ജീവനക്കാരി അസ്സ റംസിക്ക് (28) ജന്മനാട് കണ്ണീരോടെ വിടനൽകി. ഈജിപ്തിലെ ബെഹൈറ ഗവർണറേറ്റിലെ അൽ-അത്ഫ് ഗ്രാമത്തിൽ നടന്ന സംസ്കാര ചടങ്ങിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ദിവസങ്ങൾക്കകം നടക്കാനിരുന്ന വിവാഹത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കവെയാണ് സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസിലെ ഫ്ലൈറ്റ് അറ്റൻഡന്റായ അസ്സയുടെ ദാരുണ അന്ത്യം.
കുടുംബവീട്ടിൽ നിന്ന് വെളുത്ത വിവാഹവസ്ത്രം മൂടിയ പെട്ടിയിലാണ് മൃതദേഹം ഖബറടക്കത്തിനായി കൊണ്ടുപോയത്. മനസ്സിനെ ഉലയ്ക്കുന്ന കാഴ്ച വിങ്ങിപ്പൊട്ടുന്ന ഓർമ്മയായി മാറി. അസ്സയുടെ സഹോദരിയും ഇതേ വിമാനക്കമ്പനിയിൽ ഫ്ലൈറ്റ് അറ്റൻഡന്റാണ്.
ഇന്ത്യക്കാരൻ അടക്കം 13 പേരാണ് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശിയായ ഐടി പ്രൊഫഷണൽ മുഹമ്മദ് യൂസുഫ് അലിയുടെ (46) ഖബറടക്കം സൗദിയിൽ നടന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചികിത്സയിലാണ്. അതിനിടെ, ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി മുഹമ്മദ് റബ്ബാനി ചികിത്സയിൽ തുടരുകയാണ്.