02/03/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയെ കൂട്ടുപിടിച്ച് രഹസ്യനീക്കം, ജനകീയ പ്രക്ഷോഭം ഹൈജാക്ക് ചെയ്യാൻ ശ്രമം-ബംഗ്ലാദേശിൽ പാളിയ ജമാഅത്തെ ഇസ്ലാമി തന്ത്രങ്ങൾ

 അമേരിക്കയെ കൂട്ടുപിടിച്ച് രഹസ്യനീക്കം, ജനകീയ പ്രക്ഷോഭം ഹൈജാക്ക് ചെയ്യാൻ ശ്രമം-ബംഗ്ലാദേശിൽ പാളിയ ജമാഅത്തെ ഇസ്ലാമി തന്ത്രങ്ങൾ

ബംഗ്ലാദേശിൽ ശൈഖ് ഹസീനയുടെ പതനത്തിന് ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ, രാജ്യം പുതിയ രാഷ്ട്രീയ ദിശയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് കുതിക്കുമ്പോൾ, ഫലം വരും വരെ അധികാരം ഉറപ്പിച്ച മട്ടിലായിരുന്ന ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയമായി തകർന്നിരിക്കുകയാണ്. ജമാഅത്ത് പയറ്റിയ തന്ത്രങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല, വോട്ടർമാർ അവരെ പൂർണമായും കൈവിട്ടുവെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമാഅത്തെ ഇസ്‌ലാമി മൂന്ന് പ്രധാന തന്ത്രങ്ങളാണ് ആവിഷ്കരിച്ചിരുന്നത്. എന്നാൽ, ഇവ മൂന്നും തിരിച്ചടിയായി മാറി. അമേരിക്കയുമായുള്ള രഹസ്യ അവിശുദ്ധ കൂട്ടുകെട്ട് ആയിരുന്നു അതിലൊന്ന്. വാഷിങ്ടൺ പോസ്റ്റ്’ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ജമാഅത്ത് നേതാക്കൾ യുഎസ് ഉദ്യോഗസ്ഥരുമായി രഹസ്യ ചർച്ചകൾ നടത്തിയിരുന്നു. ട്രംപ് ഭരണകൂടത്തിലെ ചില ഉന്നതരുമായി ബന്ധം സ്ഥാപിച്ച് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടാനായിരുന്നു ഇവരുടെ നീക്കം. ഇതുവഴി തങ്ങളുടെ തീവ്രവാദ പ്രതിച്ഛായ കഴുകിക്കളയാനും അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കാനുമായിരുന്നു നീക്കം. എന്നാൽ, ഈ വാർത്ത പുറത്തുവന്നതോടെ ജമാഅത്ത് പ്രതിരോധത്തിലായി.

​അമേരിക്കയുമായുള്ള രഹസ്യ ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ ജമാഅത്ത് നേതൃത്വം ആദ്യം നിഷേധിച്ചെങ്കിലും, പിന്നീട് സാധാരണമായ നയതന്ത്ര കൂടിക്കാഴ്ചകൾ മാത്രമാണെന്ന് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചു. ബംഗ്ലാദേശിലെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടുക മാത്രമാണ് ചെയ്തത് എന്നായിരുന്നു ജമാഅത്ത് അമീറിന്റെ ഔദ്യോഗിക പ്രതികരണം.

എന്നാൽ, വിദേശശക്തികളുടെ സഹായത്തോടെ അധികാരം പിടിക്കാൻ ശ്രമിക്കുന്നു എന്ന വികാരം ജനങ്ങൾക്കിടയിൽ ജമാഅത്തിന് വലിയ തിരിച്ചടിയുണ്ടാക്കി. ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ വിദേശ ശക്തികളുടെ ഇടപെടലിനെ ജനങ്ങൾ എന്നും ശക്തമായി എതിർക്കുകയും ഭയക്കുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം പുറത്ത് സാമ്രാജ്യത്വ വിരുദ്ധ നിലപാട് പ്രഖ്യാപിക്കുകയും അകത്ത് രഹസ്യമായി അവരുമായി ബാന്ധവം സ്ഥാപിക്കുകയും ചെയ്യുകയാണെന്ന പ്രചാരണം അനുഭാവികൾക്കിടയിൽ പോലും ആശയക്കുഴപ്പമുണ്ടാക്കി.

രണ്ടാമത്തെ ഘടകം 2024-ലെ വിപ്ലവത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമമായിരുന്നു. 2024 ഓഗസ്റ്റിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തങ്ങളുടെ വിജയമായി ചിത്രീകരിക്കാനാണ് ജമാഅത്ത് ശ്രമിച്ചത്. എന്നാൽ, ഹസീനയെ പുറത്താക്കിയ പ്രക്ഷോഭം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടേതല്ല, മറിച്ച് സാധാരണ ജനങ്ങളുടേതായിരുന്നു. ജമാഅത്ത് ഈ വിപ്ലവത്തെ ‘ഹൈജാക്ക്’ ചെയ്യാൻ ശ്രമിക്കുന്നത് കണ്ട വിദ്യാർത്ഥി സമൂഹവും യുവജനങ്ങളും തെരഞ്ഞെടുപ്പിൽ അവർക്കെതിരെ തിരിഞ്ഞു. ജമാഅത്തിന്റെ തീവ്ര പ്രതിച്ഛായ തങ്ങളുടെ വിപ്ലവത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്തുമെന്ന് ഒരുവിഭാഗം പ്രക്ഷോഭകാരികൾ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. വിപ്ലവത്തെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ജമാഅത്ത് ‘ഹൈജാക്ക്’ ചെയ്യുന്നു എന്ന തോന്നൽ വോട്ടർമാരെ അവരിൽനിന്ന് അകറ്റി.

മറ്റൊന്ന് പാളിയ ഹിന്ദു സ്ഥാനാർത്ഥി പരീക്ഷണമായിരുന്നു. ജമാഅത്തിന്റെ ചരിത്രത്തിലെ അപൂർവ നീക്കമായിരുന്നു ഇത്തവണ ചില മണ്ഡലങ്ങളിൽ ഹിന്ദു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചത്. തങ്ങൾ വർഗീയ പാർട്ടിയല്ലെന്ന് ലോകത്തെ കാണിക്കാനുള്ള ശ്രമമാണിതെന്നായിരുന്നു എതിരാളികളുടെ പ്രചാരണം. ജമാഅത്തിന്റെ അടിസ്ഥാന വോട്ട് ബാങ്കായ തീവ്ര നിലപാടുള്ളവർ ഈ നീക്കത്തിൽ അതൃപ്തരായപ്പോൾ, ന്യൂനപക്ഷ സമുദായങ്ങൾ ജമാഅത്തിന്റെ പഴയകാല ചരിത്രം ഭയന്ന് അവരെ വിശ്വസിച്ചതുമില്ല.

അതേസമയം, ജമാഅത്തെ ഇസ്‌ലാമിയിൽനിന്ന് അകലം പാലിക്കാൻ ബി.എൻ.പി കാണിച്ച തീരുമാനം അവരുടെ വിജയത്തിൽ നിർണായകവുമായി. ജമാഅത്തുമായുള്ള സഖ്യം അന്താരാഷ്ട്ര തലത്തിലും ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങൾക്കിടയിലും തങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കുമെന്ന് ബി.എൻ.പി തിരിച്ചറിഞ്ഞു. താരിഖ് റഹ്മാൻ ഒരു ലിബറൽ-ഡെമോക്രാറ്റിക് മുഖം സ്വീകരിച്ചതോടെ, ഹസീനയുടെ ഏകാധിപത്യത്തിന് ബദലായി ജനങ്ങൾ ബി.എൻ.പിയെ തെരഞ്ഞെടുത്തു. നേരത്തെ ഒപ്പംകൂട്ടിയിരുന്ന ജമാഅത്തിനെ അകലെ നിർത്തി തന്നെ ഭൂരിപക്ഷം നേടാൻ ബി.എൻ.പിക്ക് കഴിഞ്ഞത് ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ വലിയൊരു മാറ്റമാണ്.

ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ഭൂരിഭാഗം സീറ്റുകളിലും ബി.എൻ.പി വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി മത്സരിച്ച പലയിടത്തും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഹസീന വിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതിൽ ബി.എൻ.പി വിജയിച്ചപ്പോൾ, അതേ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന് കരുതിയ ജമാഅത്തിന് ലഭിച്ചത് കനത്ത പ്രഹരമാണ്. കൂടുതൽ ജനാധിപത്യപരമായ, മിതവാദപരമായ ഒരു ഭരണത്തിലേക്കാണ് ഇന്ത്യയുടെ അയൽക്കാർ നീങ്ങുന്നത്.

Also read: