മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിൽ കുടുങ്ങിയ ചാക്കിനുള്ളിൽ തലയോട്ടിയും അസ്ഥികളും പൂജാസാധനങ്ങളും; അന്വേഷണം ആരംഭിച്ച് പോലീസ്
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പയാറ്റിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. ആറ്റിൽ മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിൽ ഒരു ചാക്ക് അവിചാരിതമായി കുരുങ്ങുകയായിരുന്നു. തുടർന്ന് ഇത് വലിച്ചു കരയ്‌ക്കെത്തിച്ച് തുറന്നുനോക്കിയപ്പോഴാണ് തലയോട്ടിയും മറ്റ് അസ്ഥികളും അടങ്ങുന്ന അസ്ഥികൂടം കണ്ടത്. ഇതോടെ അമ്പരന്ന നാട്ടുകാർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന അസ്ഥികൾക്കൊപ്പം ചില പൂജാസാധനങ്ങളും ഈ ചാക്കിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ ആരംഭിച്ചു. നിലവിൽ കണ്ടെത്തിയിരിക്കുന്നത് മനുഷ്യന്റെ അസ്ഥികൾ തന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി ചാക്കിൽ നിന്നും ലഭിച്ച വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.