നടൻ ഇ.എ രാജേന്ദ്രൻ അന്തരിച്ചു
കൊല്ലം: മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ രാജേന്ദ്രൻ (71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ്.
നാടക വേദിയിൽ ഏറെ സജീവമായിരുന്ന ഇ.എ രാജേന്ദ്രൻ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും കലാരംഗത്ത് സജീവമായിരുന്നു. ‘കളിയാട്ടം’, ‘പ്രണയവർണ്ണങ്ങൾ’, ‘പട്ടാഭിഷേകം’ തുടങ്ങി 60-ഓളം സിനിമകളിൽ ശ്രദ്ധേയമായ വില്ലൻ വേഷങ്ങളും സ്വഭാവ വേഷങ്ങളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
സന്ധ്യ രാജേന്ദ്രനാണ് ഭാര്യ. സംസ്കാര ചടങ്ങുകൾ നാളെ തൃശ്ശൂരിൽ വെച്ച് നടക്കും.