‘എൻഎസ്എസ് പിന്മാറ്റം തീരുമാനിച്ചത് ഞാൻ; തുഷാറിനെ ദൂതനാക്കിയതിൻറെ ലക്ഷ്യം വ്യക്തം’-തുറന്നടിച്ച് സുകുമാരൻ നായർ
കോട്ടയം: എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറാനുണ്ടായ സാഹചര്യം തുറന്നുപറഞ്ഞ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവെച്ച ഐക്യ ചർച്ചകൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പിന്മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യനീക്കം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകൾക്കായി എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ദൂതനായി അയച്ചതിനെ സുകുമാരൻ നായർ രൂക്ഷമായി വിമർശിച്ചു. ബിജെപി മുന്നണിയുടെ പ്രമുഖ നേതാവായ തുഷാർ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എൻഎസ്എസിന്റെ പ്രഖ്യാപിത നിലപാടായ ‘സമദൂര’ സിദ്ധാന്തത്തിന് വിരുദ്ധമാണ്. ‘അച്ഛൻ എന്തിനാണ് മകനെ ചർച്ചയ്ക്ക് അയക്കുന്നത്? ഈ മകൻ ബിജെപി മുന്നണിയുടെ നേതാവല്ലേ? കാര്യങ്ങൾ കണ്ടാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ,’ എന്ന് സുകുമാരൻ നായർ പ്രതികരിച്ചു.
ആദ്യം തുഷാറിന്റെ വരവിൽ അസ്വാഭാവികത തോന്നിയില്ലെങ്കിലും, പിന്നീട് ഇതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വ്യക്തമാകുകയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ വ്യക്തി സാമുദായിക ഐക്യചർച്ചകൾക്ക് വരുന്നത് തെറ്റായ സന്ദേശം നൽകും. തുഷാറിനെ ദൂതനാക്കിയ എസ്എൻഡിപി നീക്കത്തിൽ സംഘടനയ്ക്ക് വലിയ സംശയങ്ങളുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പ്രതികരിച്ചു.