27/03/2026
[fontresizer_tawhidurrahmandear_widget]

ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗൺ വരുന്നു? കേന്ദ്ര സർക്കാർ വിശദീകരണം ഇങ്ങനെ

 ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗൺ വരുന്നു? കേന്ദ്ര സർക്കാർ വിശദീകരണം ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. നിലവിൽ അത്തരമൊരു നിർദേശം സർക്കാരിന്റെ പരിഗണനയിലില്ലെന്നും തെറ്റായ അഭ്യൂഹങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആഗോള പ്രതിസന്ധികൾക്കിടയിൽ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരവും ദോഷകരവുമാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

ഇറാൻ-യുഎസ് തർക്കത്തെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ അനിശ്ചിതത്വവും ഊർജ വിതരണത്തിലെ തടസ്സങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നടത്തിയ പ്രസംഗമാണ് അഭ്യൂഹങ്ങൾക്ക് വഴിതെളിച്ചത്. കോവിഡ് കാലത്തെ ഐക്യം ജനങ്ങൾ വീണ്ടും പ്രകടിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, രാജ്യം ഒരു പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്ന ഉദാഹരണമായി മാത്രമാണ് കോവിഡിനെ പരാമർശിച്ചതെന്നും ‘ലോക്ക്ഡൗൺ’ എന്ന പദം പ്രധാനമന്ത്രി ഉപയോഗിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.

ആഗോള വിപണിയിലെ ഇന്ധനവില വർധനയിൽ നിന്ന് ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായി ഡീസൽ, എടിഎഫ് കയറ്റുമതിക്ക് പ്രത്യേക തീരുവയും ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്കയറ്റത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവശ്യവസ്തുക്കളുടെ വിതരണം തത്സമയം നിരീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി നിർമ്മല സീതാരാമനും വ്യക്തമാക്കി.

Also read: