02/03/2026
[fontresizer_tawhidurrahmandear_widget]

‘മെസിക്ക് കുളിക്കാൻ ഷവറും റെഡി!’; ‘രാജ്യാന്തര നിലവാരത്തി’ൽ നവീകരിച്ച കലൂർ സ്‌റ്റേഡിയത്തിൽ വൻ ചോർച്ച | Kaloor Stadium leakage

 ‘മെസിക്ക് കുളിക്കാൻ ഷവറും റെഡി!’; ‘രാജ്യാന്തര നിലവാരത്തി’ൽ നവീകരിച്ച കലൂർ സ്‌റ്റേഡിയത്തിൽ വൻ ചോർച്ച | Kaloor Stadium leakage

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മേൽക്കൂര ചോർന്നൊലിക്കുന്നു. അർജന്റീന ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി സ്റ്റേഡിയം നവീകരണം ഏറ്റെടുത്ത റിപ്പോർട്ടർ ടി.വി ‘രാജ്യാന്തര നിലവാരത്തി’ൽ പണി പൂർത്തിയാക്കി കൈമാറിയെന്നാണു നേരത്തെ എം.ഡി ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഒന്ന് മഴ പെയ്തപ്പോഴേക്കും വെള്ളം കുത്തിയൊലിക്കുന്ന തരത്തിലാണു നവീകരണം കഴിഞ്ഞ സ്‌റ്റേഡിയത്തിലെ സ്ഥിതി. (Kaloor Stadium leakage)

ശനിയാഴ്ച രാത്രി പെയ്ത മഴയിൽ സ്റ്റേഡിയത്തിലെ 22-ാം നമ്പർ ബോക്‌സിന് മുകളിലെ മേൽക്കൂരയിൽനിന്ന് ഗാലറിയിലേക്ക് വെള്ളം കുത്തിയൊലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘മെസ്സിക്ക് കുളിക്കാൻ ഷവറും കാണികൾക്ക് വെള്ളച്ചാട്ടവും റെഡിയാണല്ലോ’ എന്ന പരിഹാസവുമായി ആരാധകരും സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. രാജ്യാന്തര നിലവാരത്തിൽ നവീകരിച്ചു എന്ന് അവകാശപ്പെട്ട സ്റ്റേഡിയത്തിന്റെ ഈ അവസ്ഥ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

മെസ്സി സന്ദർശനത്തിന്റെ ഭാഗമായി സ്റ്റേഡിയം നവീകരിക്കാൻ ഏകദേശം 70 കോടി രൂപ ചെലവാക്കിയെന്നാണ് ആന്റോ അഗസ്റ്റിൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ, അർജന്റീന ടീം നവംബറിൽ വരില്ലെന്ന് ഉറപ്പായതോടെ നവീകരണ പ്രവർത്തനങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തി. സ്റ്റേഡിയം നവീകരണത്തിനായി സ്വകാര്യ വ്യക്തിയെ ഏൽപ്പിച്ചതിൽ വലിയ ദുരൂഹതയുണ്ടെന്ന് ഹൈബി ഈഡൻ എം.പി ഉൾപ്പെടെയുള്ളവർ ആരോപിച്ചു. ജി.സി.ഡി.എയുമായുള്ള കരാർ പുറത്തുവിടണമെന്നും ആവശ്യമുയർന്നു.

നവീകരണത്തിന്റെ മറവിൽ സ്റ്റേഡിയം പരിസരത്ത് നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചതായും ആരോപണമുണ്ട്. മുട്ടിൽ മരംമുറി കേസിലെ പ്രതിയായ ആന്റോ അഗസ്റ്റിന് സ്റ്റേഡിയത്തിന്റെ നിയന്ത്രണം വിട്ടുകൊടുത്തതിനെതിരെ കടുത്ത വിമർശനമാണ് കോൺഗ്രസ് ഉന്നയിച്ചത്. മെസ്സിയെ കൊണ്ടുവരുമെന്ന റിപ്പോർട്ടർ ടി.വിയുടെ പ്രചാരണം വെറും ബിസിനസ് തന്ത്രമാണെന്നും, സ്റ്റേഡിയത്തിന്റെ ഭാവിയെ ഇത് ദോഷകരമായി ബാധിച്ചുവെന്നും രാഷ്ട്രീയ നേതാക്കൾ ആരോപിക്കുന്നു.

ഐഎസ്എൽ മത്സരത്തിന് ഭീഷണി
ഇന്ന് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരം നടക്കാനിരിക്കെ, ഗാലറിയിലെ ചോർച്ച ആരാധകരെ ആശങ്കയിലാക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടർഫും സൗകര്യങ്ങളും ഒരുക്കിയെന്ന് അവകാശപ്പെടുമ്പോഴും ഒരു ചെറിയ മഴയിൽ പോലും സ്റ്റേഡിയം ചോർന്നൊലിക്കുന്നത് നവീകരണത്തിലെ അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

നവംബർ 30-നകം സ്റ്റേഡിയം തിരിച്ചുനൽകുമെന്ന് ആന്റോ അഗസ്റ്റിൻ നേരത്തെ പറഞ്ഞിരുന്നെങ്കിലും, നവീകരണത്തിലെ പിഴവുകളും ചോർച്ചയും സംബന്ധിച്ച് ജി.സി.ഡി.എയോ സ്‌പോൺസർമാരോ ഇതുവരെ തൃപ്തികരമായ മറുപടി നൽകിയിട്ടില്ല.

Also read: