‘കേന്ദ്രമന്ത്രിമാരുടെ പരിപാടികളിൽ നിന്നും മുതിർന്ന മുസ്ലിം ഉദ്യോഗസ്ഥരെ മാറ്റിനിർത്തുന്നു, ഇത് വർഗീയ അസംബന്ധം’; ബംഗാളിലെ ബിജെപി സർക്കാരിനെതിരെ മഹുവ മൊയ്ത്ര
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മുതിർന്ന ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥർ കടുത്ത മതവിവേചനം നേരിടുന്നതായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. കേന്ദ്രമന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ നിന്നും മുസ്ലിം ഉദ്യോഗസ്ഥരെ ബോധപൂർവ്വം മാറ്റിനിർത്തുകയോ പുറത്തുപോകാൻ ആവശ്യപ്പെടുകയോ ചെയ്യുന്നുണ്ടെന്ന ഗുരുതരമായ ആരോപണമാണ് അവർ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുതിർന്ന മുസ്ലിം ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന ഇത്തരം വിവേചനങ്ങൾ തികഞ്ഞ വർഗീയ അസംബന്ധമാണെന്നും അവർ തുറന്നടിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംസ്ഥാന സന്ദർശന വേളയിലും ഈ വിവേചനം പ്രകടമായിരുന്നു എന്ന് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടുന്നു. അമിത് ഷാ പങ്കെടുക്കുന്ന പരിപാടികളിൽ മുസ്ലിം ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി, സിലിഗുരി പൊലീസ് കമ്മീഷണർ വഖാർ റാസയെ അദ്ദേഹത്തിന്റെ സ്വാഗത സംഘത്തിൽ നിന്നും മാറ്റിനിർത്തിയിരുന്നു. ഇതിനുപുറമെ എസ്.ടി.എഫ് ഡയറക്ടർ ജനറൽ ജാവേദ് ഷമീമിനെ യാതൊരു പരിപാടികളിലേക്കും ക്ഷണിച്ചില്ലെന്നും, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഖലീൽ അഹമ്മദിനെ പുറത്താക്കിയെന്നും അവർ ആരോപിച്ചു. ഐ.പി.എസ്, ഐ.എ.എസ് അസോസിയേഷനുകളെ സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്തുകൊണ്ടാണ് മഹുവ മൊയ്ത്ര തൻ്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇത്തരം വൃത്തികെട്ട വർഗീയ നീക്കങ്ങൾക്കെതിരെ ഈ ഉദ്യോഗസ്ഥ സംഘടനകൾ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും അവർ ചോദിച്ചു.
കഴിഞ്ഞ മെയ് മാസത്തിൽ സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിലേറിയത് മുതൽ ഉദ്യോഗസ്ഥർ ഇത്തരം വിവേചനങ്ങൾ നിരന്തരം നേരിടുന്നുണ്ടെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം. തനിക്ക് വോട്ട് ചെയ്ത ഹിന്ദുക്കൾക്ക് വേണ്ടി മാത്രമേ പ്രവർത്തിക്കൂ എന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും ഇത്തരം വിവേചനങ്ങൾ കൂടുതൽ രൂക്ഷമായതെന്ന വിമർശനവും ശക്തമായിട്ടുണ്ട്.