ദീദിയെ രക്ഷിക്കാൻ ദാദ കളത്തിൽ? യൂസുഫ് പത്താനെ വിളിച്ചു? വിശദീകരണവുമായി ഗാംഗുലി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ് മമതാ ബാനർജി. ബിജെപിയുടെ ഒത്താശയോടെ പാർട്ടി പിളർത്താനുള്ള വിമതനീക്കത്തിൽ പകച്ചുനിൽക്കുകയാണ് മുൻ ബംഗാൾ മുഖ്യമന്ത്രി. ഇതിനിടയിൽ മമതയുടെ രക്ഷകനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും വിശ്വസ്തനുമായ സൗരവ് ഗാംഗുലി രംഗത്തെത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകളിൽ വിശദീകരണവുമായി ഗാംഗുലി തന്നെ നേരിട്ടു രംഗത്തെത്തിയിരിക്കുകയാണ്.
പ്രശസ്ത ബംഗാളി മാധ്യമമായ ‘ആനന്ദബസാർ പത്രികെ’യാണ് ഗാംഗുലി മമതയുടെ ദൂതനായി ഇടപെടുന്നുവെന്ന വാർത്ത പുറത്തുവിട്ടത്. മമത ബാനർജിയെ പാർലമെന്റിലെത്തിക്കാനുള്ള അണിയറ നീക്കങ്ങൾക്ക് ഗാംഗുലി ചുക്കാൻ പിടിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ ഭാഗമായി തൃണമൂലിന്റെ ബഹറാംപൂർ എംപിയും മുൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനെ വിളിച്ച് ലോക്സഭാ സീറ്റ് ഒഴിയാൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു. പത്താൻ ഈ നിർദേശം നിരസിച്ചതായും വാർത്തയിലുണ്ടായിരുന്നു.
എന്നാൽ, വാർത്ത പൂർണമായും തെറ്റും വസ്തുതാവിരുദ്ധവുമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ഗാംഗുലി. ഇന്നു പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയത്. ‘എനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പൂർണമായും അസത്യമാണ്. വാർത്ത അച്ചടിക്കുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാൻ എന്നോട് ഒരു വാക്ക് പോലും ചോദിക്കാൻ പത്രം തയ്യാറാകാത്തത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. തികച്ചും അലസമായ രീതിയിലാണ് സത്യത്തെ അവർ തമസ്‌കരിച്ചത്.’-ഗാംഗുലി ചൂണ്ടിക്കാട്ടി.
യൂസുഫ് പത്താനു നൽകാൻ മമത ബാനർജി തനിക്ക് ഒരു സന്ദേശവും കൈമാറിയിട്ടില്ലെന്നും അത്തരമൊരു ചർച്ചയേ നടന്നിട്ടില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ‘ഞാൻ യൂസുഫ് പത്താനുമായി ഈ വിഷയത്തിൽ യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം എന്റെ നിർദേശം നിരസിച്ചു എന്ന ചോദ്യമേ ഇവിടെ ഉദിക്കുന്നില്ല. ഒരു ഘട്ടത്തിലും ആരുമായും ഞാൻ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ല,’ ഗാംഗുലി കത്തിൽ വ്യക്തമാക്കി. ഊഹാപോഹങ്ങളുടെ പുറകെ പോകാതെ മാധ്യമങ്ങൾ സത്യസന്ധത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കിടയിലാണ്, ബംഗാളിൽ പുതുതായി അധികാരമേറ്റ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സൗരവ് ഗാംഗുലിയുടെ സുരക്ഷാ പരിധി വെട്ടിച്ചുരുക്കിയത്. 2023-ൽ മുൻ തൃണമൂൽ സർക്കാർ ഗാംഗുലിക്ക് അനുവദിച്ചിരുന്ന ഉയർന്ന സുരക്ഷയായ ‘ഇസെഡ്’ കാറ്റഗറി പുതിയ സർക്കാർ പിൻവലിച്ചു. പകരം അത് ‘വൈ’ കാറ്റഗറിയാക്കി ചുരുക്കി.
വിഐപികളുടെ സുരക്ഷാ ഭീഷണികൾ പുനരവലോകനം ചെയ്യുന്നതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടിയാണിതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, തൃണമൂലുമായി അടുത്ത ബന്ധം പുലർത്തുന്ന ഗാംഗുലിയെ സമ്മർദത്തിലാക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്.