‘ചായ വിറ്റുനടന്നവന്‍ ഈ സ്ഥാനത്ത് എത്തിയത് അവര്‍ക്ക് സഹിക്കുന്നില്ല; ദലിതുകളെയും പിന്നാക്കക്കാരെയും അധിക്ഷേപിക്കല്‍ അവര്‍ക്ക് ജന്മാവകാശം’; രാഹുലിനും തേജസ്വിക്കുമെതിരെ മോദി
പാട്ന: വോട്ടിന് വേണ്ടി ഭരതനാട്യം കളിക്കാനും മോദി തയാറാണെന്ന രാഹുല്‍ ഗാന്ധിയുടെ ആക്ഷേപത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി. ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് നരേന്ദ്ര മോദി അഴിച്ചുവിട്ടത്.
പേരും മഹിമയും ഉള്ളവര്‍ക്ക് അധ്വാനിക്കുന്ന വര്‍ഗം നന്നാകുന്നത് ഇഷ്ടമല്ലെന്നും, ചായ വിറ്റു നടന്ന താന്‍ ഈ സ്ഥാനത്ത് എത്തിയത് അവര്‍ക്ക് സഹിക്കുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ദലിതരെയും പിന്നാക്കക്കാരെയും അധിക്ഷേപിക്കല്‍ അവരുടെ ജന്മാവകാശമാണെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ‘ഇവര്‍ ദലിതരെയും പിന്നാക്ക വിഭാഗക്കാരെയും അധിക്ഷേപിക്കുന്നത് തങ്ങളുടെ ജന്മാവകാശമായാണു കണക്കാക്കുന്നത്. ഒരിക്കല്‍ ചായ വിറ്റുനടന്ന ഒരു ദരിദ്ര, പിന്നാക്ക കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ഈ സ്ഥാനത്ത് എത്തിയത് അവര്‍ക്ക് സഹിക്കുന്നില്ല’-മോദി കുറ്റപ്പെടുത്തി.
രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബത്തിലെ ‘യുവരാജാവും’ ബിഹാറിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബത്തിലെ ‘യുവരാജാവും’ ചേര്‍ന്ന് വ്യാജ വാഗ്ദാനങ്ങളുടെ ഒരു കച്ചവടം തുടങ്ങിയിരിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഇരുവരും കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസുകളില്‍ ജാമ്യത്തില്‍ കഴിയുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ബിഹാറിലെ എന്റെ സഹോദരിമാര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍, ഞങ്ങള്‍ സ്ഥിരം വീടുകള്‍ നല്‍കി, അത് സ്ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ടാപ്പ് വെള്ള കണക്ഷനുകളും, സൗജന്യ ഗ്യാസ് കണക്ഷനുകളും, സൗജന്യ റേഷനും നല്‍കി അവരുടെ കഷ്ടപ്പാടുകള്‍ കുറച്ചു,’-മോദി കൂട്ടിച്ചേര്‍ത്തു.