23-ാം വയസു മുതല്‍ മാധ്യമങ്ങള്‍ എന്നെ തകര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്; ആൻ്റോ അഗസ്റ്റിൻ
കൊച്ചി: ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ വിശദീകരണവുമായി സംഘാടകനായ ആന്റോ അഗസ്റ്റിന്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് കളികള്‍ മുടങ്ങാന്‍ പ്രധാന കാരണമായതെന്നും, ഇതിന് പുറമെ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളും പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു. മെസി ഇവിടെ വരുമെന്നും, ഫുട്‌ബോള്‍ ചരിത്രത്തില്‍ ആന്റോ അഗസ്റ്റിന്റെയും അഗസ്റ്റിന്‍ ബ്രദേഴ്‌സിന്റെയും പേര് രേഖപ്പെടുത്തപ്പെടുമെന്നും ആന്റോ പറഞ്ഞു.
മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പ്രൊജക്റ്റ് ആയിരുന്നുവെന്നും, സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് താന്‍ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന ടീമുമായി ധാരണയാവുകയും അഡ്വാന്‍സ് നല്‍കുകയും ചെയ്ത ശേഷമാണ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയര്‍ന്നുവന്നത്. ടീം മാനേജര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് തൃപ്തി രേഖപ്പെടുത്തിയെങ്കിലും, കളിക്കായി ഫിഫക്ക് സമര്‍പ്പിക്കേണ്ട ‘ഫോം 1’ അപ്രൂവല്‍ ഘട്ടത്തില്‍ കൊച്ചി സ്റ്റേഡിയത്തിന് ഫിഫ അംഗീകാരമില്ലെന്ന് വ്യക്തമായി. ഇതോടെയാണ് കളി തടസ്സപ്പെട്ടതെന്നും ആന്റോ പറഞ്ഞു.
കേരളത്തില്‍ കളിക്കാന്‍ സ്റ്റേഡിയമില്ല, ഹോട്ടലുകളില്ല, യാത്രാ സൗകര്യങ്ങളില്ല തുടങ്ങിയ തരത്തിലുള്ള മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ കരാറിനെ ദോഷകരമായി ബാധിച്ചുവെന്നും ആന്റോ അഗസ്റ്റിന്‍ ആരോപിച്ചു. ഈ വാര്‍ത്തകള്‍ അര്‍ജന്റീന ടീം വിലപേശാന്‍ ഉപയോഗിച്ചു. ആദ്യം രണ്ട് കളികള്‍ക്കായി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ധാരണയുണ്ടായിരുന്നത്. അതേ പൈസയ്ക്ക് ഒരു കളിയാക്കി കുറച്ചു. രണ്ടാമത്തെ കളി അവര്‍ അംഗോളയ്ക്ക് വില്‍ക്കുകയും ചെയ്തു.
”സ്റ്റേഡിയത്തിന്റെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന ഉറപ്പില്‍ മെസ്സിയുടെ കളി മാര്‍ച്ചില്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. അര്‍ജന്റീനയ്ക്ക് നല്‍കിയ അഡ്വാന്‍സ് തുക തിരികെ നല്‍കാന്‍ അവര്‍ തയ്യാറായേക്കില്ല. അതിനാല്‍, കളി നടത്താന്‍ തന്നെ അവര്‍ ശ്രമിക്കും. മാര്‍ച്ചില്‍ ഖത്തറില്‍ നടക്കുന്ന ഫൈനലിസിമ കളിക്ക് ശേഷം ഇന്ത്യയിലേക്ക് വരുന്നത് ഭൂഖണ്ഡപരമായ യാത്രാനിയമങ്ങള്‍ പാലിക്കാന്‍ എളുപ്പമാക്കും.
കേരളത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്റെ പേരുണ്ടാകും. അത് നടത്തിയെടുക്കും. ആന്റോ അഗസ്റ്റിന്റെ പേര് അല്ലെങ്കില്‍ അഗസ്റ്റിന്‍ ബ്രദേഴ്‌സ്‌ന്റെ പേര് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഉണ്ടാകും,’-ആന്റോ പറഞ്ഞു.
തന്റെ പണം നഷ്ടപ്പെടാതിരിക്കാനും ഫുട്‌ബോളിന്റെ നന്മയ്ക്കുമായാണ് ഇത്രയും കാര്യങ്ങള്‍ ചെയ്തതെന്നും, എന്നാല്‍ മാധ്യമങ്ങള്‍ തന്നെയും തന്റെ സ്ഥാപനമായ റിപ്പോര്‍ട്ടര്‍ ടിവിയെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആന്റോ അഗസ്റ്റിന്‍ ദുഃഖം രേഖപ്പെടുത്തി. 22 വയസ്സു മുതല്‍ എനിക്കെതിരെ വേട്ട തുടങ്ങിയിട്ടുണ്ട്. 35-ാമത്തെ വയസ്സിലും താന്‍ ഇത് അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.