വാക്കു പാലിക്കാതെ സ്‌പോണ്‍സര്‍; നവീകരണം പൂര്‍ത്തിയാക്കാതെ കലൂര്‍ സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറി
കൊച്ചി: അർജന്റീന ടീമിന്റെ സൗഹൃദ മത്സരവുമായി ബന്ധപ്പെട്ട് നവീകരണത്തിനായി സ്പോൺസർക്ക് കൈമാറിയ കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം, ജോലികൾ പൂർത്തിയാക്കാതെ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) തിരികെ നൽകി. 70 കോടി രൂപയുടെ നവീകരണ പദ്ധതിയുടെ ഭാഗമായി വാഗ്ദാനം ചെയ്തിരുന്ന പ്രധാന ജോലികൾ പോലും പൂർത്തിയാക്കാതെയാണ് നവംബർ 30-ന് കരാർ കാലാവധി അവസാനിച്ചതോടെ സ്റ്റേഡിയം കൈമാറിയത്. (Sponsor Reporter TV’s Anto Augustine hands over Kaloor Stadium to DCGA without finishing renovation)
കരാർ പ്രകാരം പുതിയ പ്രവേശന കവാടം, ചുറ്റുമതിൽ, വിവിഐപി സിറ്റിങ് ഏരിയ, സീറ്റിങ് അറേഞ്ച്മെന്റ് സംവിധാനം, ടർഫ് നവീകരണം എന്നിവ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, സ്റ്റേഡിയത്തിന്റെ പ്രധാന കവാടം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിലാണ് നിലച്ചിരിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി സെപ്റ്റംബർ 26-നാണ് സ്പോൺസർ സ്റ്റേഡിയം ഏറ്റെടുത്തത്. നവംബർ 30-നുള്ളിൽ നവീകരണം പൂർത്തിയാക്കി കൈമാറാമെന്നായിരുന്നു സ്പോൺസറുടെ വാഗ്ദാനം.
എന്നാൽ, സ്റ്റേഡിയത്തിനകത്തെ പ്രധാന ജോലികൾ പൂർത്തിയായിട്ടുണ്ടെന്നാണ് ജിസിഡിഎ ചെയർമാൻ അറിയിച്ചിരിക്കുന്നത്. ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സ്പോൺസറും ജിസിഡിഎയും സംയുക്തമായി പൂർത്തിയാക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. നിലവിൽ സ്റ്റേഡിയത്തിന്റെ സാഹചര്യം ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗം പരിശോധിച്ച് വരികയാണ്.
അർജന്റീന ദേശീയ ടീമിന്റെ മത്സരം കേരളത്തിൽ ഉണ്ടാകില്ലെന്ന് ഒക്ടോബറിൽ വ്യക്തമായിരുന്നു. ഇതോടെ സ്റ്റേഡിയം കൈമാറിയതിനെതിരെ വലിയ വിവാദം ഉയർന്നിരുന്നു. നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി കായിക വകുപ്പും ജിസിഡിഎയും സ്പോൺസറുമായി പുതിയ ത്രികക്ഷി കരാർ ഉണ്ടാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ സ്റ്റേഡിയം നവീകരണം പാതിവഴിയിൽ നിലച്ചിരിക്കുന്നത്. നവീകരണത്തിന്റെ പേരിൽ കരാറില്ലായിരുന്നുവെന്ന് കായിക മന്ത്രി നേരത്തെ സമ്മതിച്ചത് വലിയ ചർച്ചയായിരുന്നു.