‘ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചു, ഞങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതുകൊണ്ട് നടന്നില്ല’; വെളിപ്പെടുത്തലുമായി എ.പി അബ്ദുല്ലക്കുട്ടി
കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നതായി എ.പി അബ്ദുല്ലക്കുട്ടിയുടെ വെളിപ്പെടുത്തല്‍. ജയരാജനുമായി ചര്‍ച്ച നടത്തിയതായും, എന്നാല്‍ ബിജെപി ജയരാജനെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ പറഞ്ഞു. ഇ.പി ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇ.പി ജയരാജന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, എല്ലാ ആളുകളെയും ബിജെപിയില്‍ ചേര്‍ക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര താല്‍പര്യമില്ലായിരുന്നു. ജയരാജന്‍ പ്രകാശ് ജാവദേക്കറെ കണ്ടതും അതിനുവേണ്ടിയായിരുന്നു. എല്ലാവരുമായും സംസാരിച്ചിട്ടുണ്ട്. ജരാജന്‍ വേണ്ട എന്നാണ് ബിജെപിയില്‍ നിന്നുള്ള തീരുമാനം. ജയരാജനേപ്പോലുള്ള ആള്‍ക്ക് പറ്റിയ പാര്‍ട്ടിയല്ല ബിജെപിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇ.പി ജയരാജന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ഇതാണെന്റെ ജീവിതം’ എന്ന ആത്മകഥയില്‍ ബിജെപിക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. തന്റെ മകനെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ വിളിച്ചിരുന്നെതായും, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമമാണെന്ന് നടന്നതെന്നും ജയരാജന്‍ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു. ബിജെപി നേതാവ് പ്രകാശ്ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഭാഗത്താണ് മകനെ ബിജെപി നേതാവ് ബന്ധപ്പെട്ട കാര്യവും ജയരാജന്‍ പറയുന്നത്.
ദല്ലാള്‍ നന്ദകുമാറിനൊപ്പം പ്രകാശ് ജാവദേക്കറിനെ അവിചാരിതമായാണ് കണ്ടതെന്ന് ജയരാജന്‍ ആത്മകഥയില്‍ പറയുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുന്നതിന്റെ ഭാഗമായുള്ള അനൗപചാരിക കൂടിക്കാഴ്ച എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.