28/03/2026
[fontresizer_tawhidurrahmandear_widget]

‘6 മാസത്തിനിടെ ഒരു കശ്മീരിയും ഭീകരസംഘങ്ങളില്‍ ചേര്‍ന്നിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു; ഈ സംഘം എവിടെനിന്നു വന്നു?’-ചോദ്യങ്ങളുമായി ഉവൈസി

 ‘6 മാസത്തിനിടെ ഒരു കശ്മീരിയും ഭീകരസംഘങ്ങളില്‍ ചേര്‍ന്നിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു; ഈ സംഘം എവിടെനിന്നു വന്നു?’-ചോദ്യങ്ങളുമായി ഉവൈസി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ സ്‌ഫോടനത്തിലെ ചാവേര്‍ ഡോ. ഉമര്‍ നബിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി. ഇസ്ലാമില്‍ ആത്മഹത്യ ‘ഹറാം’ (നിഷിദ്ധം) ആണെന്നും, നിരപരാധികളെ കൊല്ലുന്നത് മഹാപാപമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആറു മാസമായി കശ്മീരികള്‍ ഒരു ഭീകരസംഘങ്ങളിലും ചേര്‍ന്നിട്ടില്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞ അമിത് ഷാ, ഈ സംഘം എവിടെനിന്നുവെന്നു വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

ചാവേര്‍ ആക്രമണം രക്തസാക്ഷിത്വമാണെന്ന് ന്യായീകരിച്ചുകൊണ്ടുള്ള ഉമറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം. ”ചാവേര്‍ ആക്രമണത്തെ രക്തസാക്ഷിത്വമായി ന്യായീകരിക്കുന്ന വീഡിയോ ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതി ഉമര്‍ നബിയുടേതായി പ്രചരിക്കുന്നുണ്ട്. ഇസ്ലാമില്‍ ആത്മഹത്യ ഹറാമാണ്. നിരപരാധികളെ കൊല്ലുന്നത് വന്‍ പാപമാണ്. ഇത്തരം പ്രവൃത്തികള്‍ രാജ്യത്തെ നിയമത്തിനും എതിരാണ്. ഇത് ഒരുതരത്തിലും തെറ്റിദ്ധരിക്കപ്പെട്ട കാര്യങ്ങളല്ല. ഇത് തീവ്രവാദം മാത്രമാണ്, മറ്റൊന്നുമല്ല,’-ഉവൈസി എക്‌സില്‍ കുറിച്ചു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ ആറ് മാസമായി ഒരു കശ്മീരി യുവാവും തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്നിട്ടില്ലെന്നാണ് ഓപറേഷന്‍ സിന്ദൂര്‍ സമയത്ത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. പിന്നെ എവിടെ നിന്നാണ് ഈ സംഘം വന്നത്? ഈ ഗ്രൂപ്പിനെ കണ്ടെത്താന്‍ കഴിയാതെ പോയതിന്റെ ഉത്തരവാദി ആരാണെന്നും ഉവൈസി ചോദിച്ചു.

നവംബര്‍ 10ന് നടന്ന സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Also read: