ബിഹാർ വോട്ടെണ്ണലിന് മുമ്പ് എൻ.ഡി.എയുടെ ലീഡ് പ്രഖ്യാപിച്ചു; ദൂരദർശനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്, പിന്നാലെ പോസ്റ്റ് പിൻവലിച്ച് ചാനൽ
പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ എൻ.ഡി.എ. സഖ്യം വൻ മുന്നേറ്റം നേടുന്നതായി പ്രഖ്യാപിച്ച ദൂരദർശൻ ന്യൂസിനെതിരെ (ഡി.ഡി. ന്യൂസ് ഹിന്ദി) കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഔദ്യോഗിക ഫലപ്രഖ്യാപനം നവംബർ 14-ന് നടക്കാനിരിക്കെ, വോട്ടെണ്ണലിന് മുൻപ് തന്നെ ഒരു പാർട്ടിയുടെ വിജയം പ്രവചിക്കുന്നത് പൊതുമേഖലാ പ്രക്ഷേപണ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
നവംബർ 6-ന് നടന്ന ആദ്യഘട്ട പോളിങ്ങിന് ശേഷം ഡി.ഡി. ന്യൂസ് ഹിന്ദി തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലാണ് ഈ അവകാശവാദം ഉന്നയിച്ചത്.
“ആദ്യഘട്ടത്തിൽ എൻ.ഡി.എ. വൻ മുന്നേറ്റം നേടി, രണ്ടാം ഘട്ടത്തിലും ഈ തരംഗം തുടരുന്നു” എന്നായിരുന്നു പോസ്റ്റ്.
വോട്ടെണ്ണൽ പൂർത്തിയാകാതെ എങ്ങനെയാണ് ദൂരദർശന് ഫലം അറിയാൻ സാധിക്കുന്നതെന്ന് കോൺഗ്രസ് ചോദ്യമുയർത്തി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. വോട്ടർമാരെ സ്വാധീനിക്കാനും പൊതുബോധം നിർമ്മിക്കാനും വേണ്ടി പൊതു ഫണ്ട് ഉപയോഗിച്ച് നടത്തുന്ന സ്ഥാപനം രാഷ്ട്രീയ പക്ഷപാതം കാണിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. സ്ഥാപനം ഉടൻ മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.