പാകിസ്താന് ചൈനീസ് അന്തർവാഹിനികള്‍ ഇന്ത്യൻ നാവികസേന പ്രതിരോധം ശക്തമാക്കുന്നുവെന്ന്; സേനാ ഉപമേധാവി
ന്യൂഡൽഹി: പാകിസ്താന് ചൈന യുദ്ധക്കപ്പലുകളും അത്യാധുനിക അന്തർവാഹിനികളും നൽകുന്ന സാഹചര്യത്തിൽ സുരക്ഷാ ഭീഷണികളെ നേരിടാൻ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ നാവികസേന. ചൈനയുടെ ഓരോ നീക്കവും അതീവ സൂക്ഷ്മതയോടെ നിരീക്ഷിച്ച് വരികയാണെന്നും, പ്രതിരോധശേഷി ശക്തമാക്കുന്നതിന്റെ ഭാഗമായി അന്തർവാഹിനി വിരുദ്ധ യുദ്ധസജ്ജീകരണങ്ങൾ ഒരുക്കുകയാണെന്നും നാവികസേനാ ഉപമേധാവി വൈസ് അഡ്മിറൽ സഞ്ജയ് വാത്സയൻ അറിയിച്ചു. നിലവിൽ ഭാവിയിലെ സൈനികോപകരണങ്ങളുടെ ഉൾപ്പെടുത്തലുകൾ പുനഃക്രമീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചൈന പാകിസ്താന്‍റെ ഏറ്റവും വലിയ ആയുധ വിതരണക്കാരായി മാറിയിരിക്കുകയാണ്. നിലവിൽ പുരോഗമിക്കുന്ന ‘ഹാങ്ഗർ ക്ലാസ്’ അന്തർവാഹിനി പദ്ധതിയുടെ ഭാഗമായി എട്ട് പുതിയ സബ്മറൈനുകളാണ് പാക് നാവികസേനയിൽ എത്തുന്നത്. 2026-ന്റെ ആദ്യപകുതിയോടെ ഇതിലെ ആദ്യത്തെ അന്തർവാഹിനി കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതിനകം മൂന്ന് അന്തർവാഹിനികൾ ചൈന പുറത്തിറക്കിക്കഴിഞ്ഞു.
ഈ പുതിയ അന്തർവാഹിനികളിൽ ‘എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ’ (AIP) സാങ്കേതികവിദ്യ സജ്ജീകരിച്ചിട്ടുണ്ട്. ദീർഘനേരം പുറത്തുനിന്ന് കണ്ടെത്താൻ കഴിയാതെ വെള്ളത്തിനടിയിൽ പ്രവർത്തിക്കാനുള്ള ശേഷി നൽകുന്നതാണ് ഈ സാങ്കേതികവിദ്യ. നിലവിലെ ഇന്ത്യൻ അന്തർവാഹിനികളിൽ ഈ അത്യാധുനിക എ.ഐ.പി സാങ്കേതികവിദ്യ ലഭ്യമല്ല എന്നത് ഇന്ത്യൻ നാവികസേനക്ക് ഒരു പ്രധാന വെല്ലുവിളിയാണ് ഉയർത്തുന്നത്.
വെള്ളത്തിനടിയിൽ പാക്-ചൈനീസ് ശക്തി സംഭരണത്തിനു മറുപടിയായി ഇന്ത്യൻ നാവികസേന അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷി (ASW) കാര്യക്ഷമമാക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രധാനമായും 16 ASW-SWC കപ്പലുകൾ (ചെറിയ അന്തർവാഹിനി വിരുദ്ധ കപ്പലുകൾ), 6 P-8I പോസിഡോൺ വിമാനങ്ങൾ എന്നിവ ഉൾപ്പെടുത്താനാണ് പദ്ധതി.
ഇതിനുപുറമെ, അടുത്ത തലമുറ ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുകളുടെ രൂപകൽപ്പന പൂർത്തിയാക്കിയിട്ടുണ്ടെന്നും ഈ സാമ്പത്തിക വർഷത്തിൽ ആവശ്യകതയുടെ അംഗീകാരം ലഭിക്കുമെന്നും, രണ്ട് വർഷത്തിനകം കരാറുകൾ നൽകാനാകുമെന്നും വൈസ് അഡ്മിറൽ വാത്സയൻ കൂട്ടിച്ചേർത്തു.
360ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും ഉള്ള ചൈനയുടെ പി.എൽ.എ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ നാവികസേനയാണ്. എന്നാൽ, ഇന്ത്യൻ നാവികസേനയ്ക്ക് 130ലധികം കപ്പലുകളാണ് ഉള്ളത്. സ്കോർപീൻ ക്ലാസ് ഉൾപ്പെടെ ആറ് പുതിയ അന്തർവാഹിനികൾ ലഭിച്ചിട്ടും, നാവികസേന ഇപ്പോഴും 12ഓളം പഴയ സബ്മറൈനുകളെ ആശ്രയിക്കുന്നുണ്ട്.