കണ്ണൂർ കോർപറേഷനിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; അങ്കം കുറിക്കാൻ റിജിൽ മാക്കുറ്റിയും
കണ്ണൂർ: ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കണ്ണൂർ കോർപറേഷനിലെ 56 ഡിവിഷനുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസും മുസ്‍ലിം ലീഗും തമ്മിലുണ്ടായിരുന്ന സീറ്റ് തർക്കങ്ങൾ കെ. സുധാകരൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ഇടപെടലോടെ പരിഹരിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള പ്രമുഖര് മത്സരരംഗത്തുണ്ട്.
പുതിയ ധാരണ പ്രകാരം കോൺഗ്രസ് 38 സീറ്റുകളിലും മുസ്‍ലിം ലീഗ് 18 സീറ്റുകളിലും മത്സരിക്കും. കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട ലീഗും വാരം സീറ്റിനെച്ചൊല്ലിയുള്ള തർക്കവുമാണ് സ്ഥാനാർഥി നിർണയം വൈകാൻ കാരണമായത്. ഒടുവിൽ, വാരം സീറ്റ് ലീഗിന് വിട്ടുനൽകുകയും, പകരം വലിയന്നൂർ സീറ്റ് ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തതോടെയാണ് സമവായമുണ്ടായത്.
വാരം ഡിവിഷനിൽ ലീഗ് സ്ഥാനാർഥി കെ. പി താഹിറാണ് ജനവിധി തേടുന്നത്.
കോൺഗ്രസ് നേതാക്കളിൽ പ്രമുഖരായ റിജിൽ മാക്കുറ്റി ആദികടലായി ഡിവിഷനിൽ മത്സരിക്കും. മുൻ ഡെപ്യൂട്ടി മേയർ പി. ഇന്ദിര പയ്യാമ്പലത്തും, മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ മുണ്ടയാട് ഡിവിഷനിലും ജനവിധി തേടും. മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം എൻ. അജിത്തും സ്ഥാനാർഥി പട്ടികയിലുണ്ട്.