ഇസ്രയേലിനുള്ള സൈനിക സഹായത്തില്‍ എതിര്‍പ്പറിയിച്ച് ജര്‍മന്‍ ജനതയുടെ ഭൂരിപക്ഷവും; ചരിത്രപരമായ ബാധ്യതയെന്ന നിലപാടിനെയും തള്ളി
ബെര്‍ലിന്‍: ഇസ്രയേലിന് സൈനിക സഹായം നല്‍കുന്ന ജര്‍മന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ഭൂരിപക്ഷവും എതിര്. ‘ഫണ്‍കെ മീഡിയ ഗ്രൂപ്പിന്’ വേണ്ടി ‘സിവായി'(Civey) നടത്തിയ അഭിപ്രായ സര്‍വേയ്ക്ക് പുറമെ, ‘ഫോര്‍സ'(Forsa) പോളിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വേയും ജനകീയ അഭിപ്രായം സര്‍ക്കാരിന്റെ നിലപാടില്‍ കടുത്ത എതിര്‍പ്പറിയിച്ചു.
ഗസ്സയിലെ നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിന് സൈനിക സഹായം നല്‍കുന്നതിനെ ജര്‍മന്‍ പൗരന്മാരില്‍ 55 ശതമാനം പേരും തള്ളിക്കളഞ്ഞു. 35 ശതമാനം പേര്‍ മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചത്. ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, പ്രതിപക്ഷ കക്ഷിയായ സി.ഡി.യു എന്നിവയുടെ അനുഭാവികളില്‍ ഭൂരിപക്ഷവും സൈനിക പിന്തുണയെ എതിര്‍ക്കുന്നവരാണ്.
ജര്‍മന്‍ പൊതുജനാഭിപ്രായത്തിലെ അടിസ്ഥാനപരമായ മാറ്റമാണ് ‘ഫോര്‍സ’ സര്‍വേ വെളിപ്പെടുത്തുന്നത്. ഹോളോകോസ്റ്റിന്റെയും ചരിത്രപരമായ ബാധ്യതയുടെയും പേരില്‍ ഇസ്രയേലിനോട് ജര്‍മനിക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന പരമ്പരാഗത നിലപാടിനെ 60 ശതമാനം പേരും തള്ളിപ്പറഞ്ഞു. വെറും 38 ശതമാനം പേര്‍ മാത്രമാണ് ഈ പരമ്പരാഗത നിലപാടിനെ പിന്തുണച്ചത്. സെപ്റ്റംബര്‍ 15 മുതല്‍ 26 വരെ നടത്തിയ ഈ സര്‍വേ, 1,500ലധികം ജര്‍മന്‍ പൗരന്മാരെ ഉള്‍പ്പെടുത്തിയിരുന്നു.
അടുത്തിടെ ഇസ്രയേലിലേക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ജര്‍മനി. 2023 ഒക്ടോബര്‍ ഏഴു മുതല്‍ 2025 ജൂണ്‍ അഞ്ചു വരെ 492 ദശലക്ഷം യൂറോയുടെ ആയുധ വില്‍പ്പനയ്ക്കാണ് ജര്‍മനി അനുമതി നല്‍കിയത്.
ഇസ്രയേല്‍ അനുകൂലിയായ ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡെറിക്ക് മെഴ്‌സ്, വര്‍ധിച്ചു വരുന്ന പൊതുജന സമ്മര്‍ദത്തെ തുടര്‍ന്ന് ആഗസ്റ്റില്‍ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഗസ്സ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ആയുധങ്ങളുടെ പുതിയ ലൈസന്‍സുകള്‍ നല്‍കുന്നത് ഇതിലൂടെ തടഞ്ഞു. എന്നാല്‍, ഈ ആഴ്ചയോടെ ഈ നിയന്ത്രണങ്ങള്‍ നീക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.