കോൺഗ്രസിൻ്റെ തലയിൽ തോക്ക് വെച്ച് ആർജെഡി മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം തട്ടിയെടുത്തെന്ന് മോദി; പ്രധാനമന്ത്രി സംസാരിക്കേണ്ട നിലവാരമല്ല ഇതെന്ന് ഖാർഗെ
പാട്ന: ബിഹാറിലെ പ്രതിപക്ഷമായ മഹാസഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ തലയിൽ ‘കട്ട’ (നാടൻ തോക്ക്) വെച്ച് ഭീഷണിപ്പെടുത്തിയാണ് ആർജെഡി മുഖ്യമന്ത്രി പദം തട്ടിയെടുത്തതെന്ന കാര്യം തനിക്കറിയാമെന്ന് മോദി പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ നുണയും പരിഹാസ്യവുമാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മറുപടി നൽകി. പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള പ്രസംഗങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭോജ്പൂർ ജില്ലയിലെ ആരായിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ആർജെഡിക്കെതിരെ ശക്തമായ ആക്രമണം പ്രധാനമന്ത്രി നടത്തിയത്. നോമിനേഷൻ സമർപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് ആർജെഡി-കോൺഗ്രസ് സഖ്യത്തിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് തനിക്ക് അറിയാമെന്ന് മോദി അവകാശപ്പെട്ടു. ‘ആർജെഡി മുഖ്യമന്ത്രിയെ കോൺഗ്രസിന് വേണ്ടായിരുന്നു, പക്ഷേ ആർജെഡി വിട്ടുകൊടുത്തില്ല. അവർ കോൺഗ്രസിന്റെ തലയിൽ തോക്ക് വെച്ച് മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്ത് പ്രഖ്യാപനം നടത്തി’ – മോദി പറഞ്ഞു. ഇത് ആർജെഡിയുടെ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾക്ക് ഉദാഹരണമാണെന്നും ആർജെഡിയും കോൺഗ്രസും തമ്മിൽ തെരഞ്ഞെടുപ്പിനു ശേഷം വൻ കലഹമുണ്ടാകുമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ ന്യൂഡൽഹിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ മല്ലികാർജുൻ ഖാർഗെ തള്ളി. പ്രധാനമന്ത്രി പറയുന്നതു പോലുള്ള പ്രശ്നങ്ങൾ സഖ്യത്തിനുള്ളിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ആരും തോക്ക് ചൂണ്ടി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാൻ ആവശ്യപ്പെടില്ല. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. അദ്ദേഹം പറയുന്നത് കളവാണ്.’ ഖാർഗെ അവകാശപ്പെട്ടു. പ്രകോപനപരമായ ഭാഷ ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ അന്തസ്സിന് കോട്ടം വരുത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. ‘മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്; അദ്ദേഹം ഇത്തരത്തിൽ സംസാരിക്കുന്നത് പരിഹാസ്യമാണ്. ഇത് അദ്ദേഹത്തിന്റെ നിലവാരമാണ് കാണിക്കുന്നത്. ഒരു പ്രധാനമന്ത്രി സംസാരിക്കേണ്ട നിലവാരം മാറ്റിവെച്ചാണ് അദ്ദേഹം ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾ നടത്തുന്നത്.’ – ഖാർഗെ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഇന്ന് തന്നെ ബിഹാറിലെ പ്രചാരണ റാലിയിൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബിഹാറിലെ 243 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലാണ് നടക്കുന്നത്. നവംബർ 14-ന് വോട്ടെണ്ണൽ നടക്കും