27/01/2026

‘ഒബിസി വോട്ടുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ജോലി പോകും’; ആത്മഹത്യ ചെയ്ത ബിഎല്‍ഒമാര്‍ക്ക് സമ്മര്‍ദമുണ്ടായെന്ന് രാഹുല്‍ ഗാന്ധി

 ‘ഒബിസി വോട്ടുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ജോലി പോകും’; ആത്മഹത്യ ചെയ്ത ബിഎല്‍ഒമാര്‍ക്ക് സമ്മര്‍ദമുണ്ടായെന്ന് രാഹുല്‍ ഗാന്ധി

ലഖ്നൗ: ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ(ബിഎല്‍ഒ) ആത്മഹത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. ഒബിസി, ദലിത്, പിന്നാക്ക വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇതേതുടര്‍ന്നാണ് ബിഎല്‍ഒമാരുടെ ആത്മഹത്യയെന്ന് രാഹുല്‍ ആരോപിച്ചു. ഉത്തര്‍പ്രദേശിലും ബംഗാളിലും വ്യാപകമായി ബിഎല്‍ഒമാര്‍ ജീവനൊടുക്കിയ സംഭവത്തിലാണു ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

‘ഒബിസി വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിക്കളയാന്‍ സമ്മര്‍ദവും ഭീഷണികളുമുണ്ടായി. ഇതിനൊടുവിലാണ് ആത്മഹത്യ സംഭവിച്ചത്’-രാഹുല്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. എസ്.ഐ.ആര്‍ നടപടികളുടെ മറവില്‍ പിന്നാക്ക, ദലിത്, ദരിദ്ര വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്ത് ബിജെപിക്ക് താല്‍പ്പര്യമുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ജനാധിപത്യത്തിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോണ്ടയിലെ വിപിന്‍ യാദവ് എന്ന ബിഎല്‍ഒ ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന(എസ്.ഐ.ആര്‍) നടപടികള്‍ക്കിടെ ഒബിസി വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കാന്‍ എസ്ഡിഎമ്മും മറ്റ് രണ്ട് ഉദ്യോഗസ്ഥരും വിപിന്‍ യാദവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ വെളിപ്പെടുത്തി. ‘ഒബിസി വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിക്കളയുക, അല്ലെങ്കില്‍ നിങ്ങളുടെ ജോലി നഷ്ടപ്പെടും’ എന്നായിരുന്നു ഭീഷണി. ഈ കടുത്ത സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബം പറയുന്നത്.

Also read: