ഹരിയാനയില്‍ 22 വോട്ട് ചെയ്ത ബ്രസീലിയന്‍ മോഡല്‍; രാഹുല്‍ പുറത്ത് വിട്ട ‘ദുരൂഹ മോഡല്‍’ ആരാണ്?
രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ വോട്ട് കൊള്ള വാര്‍ത്താസമ്മേളനത്തില്‍ ഏറെ ശ്രദ്ധ നേടിയത് ഒരു ബ്രസീലിയന്‍ യുവതിയായിരുന്നു. 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് നിരവധി തവണ വോട്ട് ചെയ്തതായുള്ള ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. വിവിധ പോളിങ് ബൂത്തുകളിലെ വോട്ടര്‍ പട്ടികയില്‍ ഒരേ സ്ത്രീയുടെ ചിത്രം വ്യത്യസ്ത പേരുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അതിലൂടെ ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചായിരുന്നു രാഹുല്‍ കണ്ടുനിന്നവരെ ഞെട്ടിച്ചത്. ”ആരാണ് ഈ സ്ത്രീ? അവളുടെ യഥാര്‍ത്ഥ പേര് എന്താണ്? അവര്‍ എവിടെ നിന്നാണ് വരുന്നത്?”-അദ്ദേഹം ചോദിച്ചു. അവള്‍ ഹരിയാനയിലെ 10 വ്യത്യസ്ത ബൂത്തുകളില്‍ 22 തവണ വോട്ട് ചെയ്തിട്ടുണ്ട്. സീമ, സ്വീറ്റി, സരസ്വതി, രശ്മി, വില്‍മ എന്നിങ്ങനെ നിരവധി പേരുകളിലാണ് അവളുടെ ചിത്രം ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പ്രസന്റേഷനില്‍ കാണിച്ച ചിത്രം യഥാര്‍ത്ഥത്തില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റേതാണെന്ന് പിന്നീട് വ്യക്തമായി. ഫോട്ടോഗ്രാഫര്‍ മാത്യൂസ് ഫെറേറോ 2017 മാര്‍ച്ച് 2ന് ഫ്രീ സ്റ്റോക്ക് ഇമേജ് അണ്‍സ്പ്ലാഷ്.കോം എന്ന സൈറ്റില്‍ അപ്‌ലോഡ് ചെയ്തതാണ് ആ ചിത്രം. നീല ഡെനിം ജാക്കറ്റ് ധരിച്ച സ്ത്രീ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രം 59 ദശലക്ഷത്തിലധികം തവണ കണ്ടതും നാലു ലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്തതുമാണ്.
അണ്‍സ്പ്ലാഷ് ലൈസന്‍സിന് കീഴില്‍ സൗജന്യ ഉപയോഗം അനുവദിക്കുന്ന ഈ ചിത്രം, ഹരിയാന തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ബ്ലോഗുകളിലും പോസ്റ്റുകളിലും വ്യാപകമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ആരോപിക്കപ്പെടുന്ന വോട്ടര്‍ പകര്‍പ്പില്‍ മോഡലിന്റെയോ ഫോട്ടോഗ്രാഫറുടെയോ പങ്കാളിത്തം സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.
കോണ്‍ഗ്രസിന്റെ വന്‍ വിജയത്തെ പരാജയമാക്കി മാറ്റാന്‍ ഒരു പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് രാഹുല്‍ ആരോപിച്ചത്. ,ഇത് ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയ്‌ക്കെതിരായ വലിയ ആക്രമണമാണെന്ന് താന്‍ നൂറുശതമാനം തെളിവോടെയാണു പറയുന്നതെന്നും രാഹുല്‍ കുട്ടിച്ചേര്‍ത്തു.