വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം:വിവാദമായപ്പോൾ റെയിൽവേ മുക്കി, പ്രതിപക്ഷം ആക്രമണം കടുപ്പിച്ചപ്പോൾ വീണ്ടും പോസ്റ്റ്
കൊച്ചി: കേരളത്തിൽ മൂന്നാമത് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വീണ്ടും വിവാദത്തിൽ. വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിക്കുന്ന വീഡിയോ ആണ് ഇന്ത്യൻ റെയിൽവേ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിവാദമായതോടെ വിഡിയോ പിൻവലിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികളും മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കന്മാരും റെയിൽവേ നടപടിക്കെതിരെ വിമർശനം ശക്തമാക്കിയതോടെ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ്.
നടപടി വീണ്ടും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആദ്യ പോസ്റ്റിൽനിന്ന് വ്യത്യസ്തമായി, ഇത്തവണ ഗാനത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ കൂടി ചേർത്താണ് പുതിയ വീഡിയോ ‘എക്സി’ൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എറണാകുളം-കെ.എസ്.ആർ ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ ട്രെയിനിനുള്ളിൽ വെച്ച് വിദ്യാർത്ഥികൾ ‘ഗണഗീതം’ ആലപിക്കുന്ന ദൃശ്യങ്ങളാണ് ദക്ഷിണ റെയിൽവേ ആദ്യം പങ്കുവെച്ചത്. എന്നാൽ, ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നതിനെ തുടർന്ന് ഈ വീഡിയോ റെയിൽവേയുടെ ഔദ്യോഗിക പേജിൽനിന്ന് നീക്കം ചെയ്തിരുന്നു.
ഇതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ശക്തമായ വിമർശനവുമായി രംഗത്തെത്തി. കുട്ടികൾക്ക് ഇഷ്ടമുള്ള ദേശഭക്തി ഗാനം പാടിയതിനെ എന്തിനാണ് പ്രശ്നമാക്കുന്നതെന്നും, കുട്ടികളുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അവഹേളിക്കുകയാണെന്നും അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു.