‘സോറി മമ്മീ..പലതവണ നിങ്ങളെ ഞാന്‍ വേദനിപ്പിച്ചു;ഇത് ഒടുവിലത്തേത്
അധ്യാപകരുടെ പീഡനം സഹിക്കാനാകാതെ മെട്രോ സ്റ്റേഷനില്‍ ജീവനൊടുക്കി 10-ാം ക്ലാസുകാരന്‍
ന്യൂഡൽഹി: അധ്യാപകരുടെ മാനസിക പീഡനത്തിൽ മനംനൊന്ത് 10-ാം ക്ലാസ് വിദ്യാർത്ഥി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സെൻട്രൽ ഡൽഹിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടിയ 16-കാരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, വിദ്യാർത്ഥി ചില അധ്യാപകരെ പേരെടുത്ത് പറയുകയും അവരുടെ ശകാരമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
“ക്ഷമിക്കണം അമ്മേ, ഞാൻ എത്ര തവണ നിങ്ങളുടെ ഹൃദയം തകർത്തു, പക്ഷേ അവസാനമായി ഞാൻ അത് ചെയ്യാൻ പോകുന്നു,” എന്ന് മാതാപിതാക്കളോടും ജ്യേഷ്ഠനോടും ക്ഷമ ചോദിച്ചുകൊണ്ട് കുട്ടി കുറിച്ചു.
തൻ്റെ സ്കൂളിനെതിരെ നടപടിയെടുക്കണമെന്നും, അവയവങ്ങൾ ദാനം ചെയ്യണമെന്നും വിദ്യാർത്ഥി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെറിയ കാര്യങ്ങൾക്കുപോലും അധ്യാപകർ മകനെ നിരന്തരം വേദനിപ്പിക്കുമായിരുന്നുവെന്ന് പിതാവ് ആരോപിച്ചു. കഴിഞ്ഞ ദിവസം നാടക ക്ലാസിനിടെ അധ്യാപിക എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിച്ചതാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മഹത്യാക്കുറിപ്പിലെ ഗുരുതരമായ ആരോപണങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.