ഉവൈസിയുടെ ‘മജ്‌ലിസി’ന് വൻ മുന്നേറ്റം; ജോക്കിഹട്ടിൽ എഐഎംഐഎം സ്ഥാനാർഥിക്കു മുന്നിൽ അടിതെറ്റിവീണത് 3 മുൻ മന്ത്രിമാർ
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും ശക്തമായ സാന്നിധ്യമറിയിച്ചു. മുസ്ലീം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിലെ അരാരിയ ജില്ലയിലെ ജോക്കിഹട്ട് മണ്ഡലത്തില്‍ എ.ഐ.എം.ഐ.എം വിജയം ഉറപ്പിച്ചത്, പ്രധാന പാര്‍ട്ടികളിലെ മൂന്ന് പ്രമുഖ നേതാക്കള്‍ക്ക് കനത്ത തിരിച്ചടിയായി.
എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥിയായ മുര്‍ഷിദ് ആലം ആണ് ജോക്കിഹട്ടില്‍ വിജയം നേടിയത്. പ്രമുഖരായ മൂന്ന് മുന്‍ മന്ത്രിമാരെയും പ്രബലരെയും പരാജയപ്പെടുത്തിയാണ് മുര്‍ഷിദ് ആലത്തിന്റെ മുന്നേറ്റം. മണ്ഡലത്തില്‍ എ.ഐ.എം.ഐ.എം വിജയം നേടുന്നത് ഇത് രണ്ടാം തവണയാണ്.
ജോക്കിഹട്ടിലെ മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖരില്‍ ആര്‍ജെഡി നേതാവും മുന്‍ മന്ത്രിയുമായ ഷാനവാസ് ആലം, ജന്‍സുരാജ് സ്ഥാനാര്‍ത്ഥിയും മുന്‍ എം.പിയുമായ സര്‍ഫറാസ് ആലം, തുടക്കത്തില്‍ ലീഡ് നിലനിര്‍ത്തിയ ജെ.ഡി.യു സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ മന്‍സര്‍ ആലം എന്നിവരും ഉള്‍പ്പെടും.
ഇവരെല്ലാം മത്സരരംഗത്തുണ്ടായിട്ടും ഉവൈസി ഫാക്ടര്‍ മുസ്ലീം വോട്ടര്‍മാരെ സ്വാധീനിക്കുകയും വോട്ടുകള്‍ ധ്രുവീകരിക്കുകയും ചെയ്തതോടെ പ്രധാന കക്ഷികളുടെ പ്രതീക്ഷകള്‍ തകര്‍ന്നു.
ജോക്കിഹട്ടിലെ എ.ഐ.എം.ഐ.എം വിജയം സീമാഞ്ചല്‍ മേഖലയില്‍ മഹാസഖ്യത്തിന്റെ പരമ്പരാഗത വോട്ട് സമവാക്യമായ മുസ്ലിം-യാദവ കൂട്ടുകെട്ടിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
മുര്‍ഷിദ് ആലം ഉള്‍പ്പെടെ എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥികള്‍ വന്‍തോതില്‍ ന്യൂനപക്ഷ വോട്ടുകള്‍ പിളര്‍ത്തിയതിനാലാണ് മഹാസഖ്യത്തിന് പല സീറ്റുകളും നഷ്ടമായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സ്വന്തമായി ഒരു രാഷ്ട്രീയ ഇടം കണ്ടെത്താനുള്ള എ.ഐ.എം.ഐ.എം നീക്കങ്ങള്‍ക്ക് ഈ ഫലം ശക്തി നല്‍കിയിരിക്കുകയാണ്.
അരാരിയയിലെ മാര്‍ക്കറ്റ് കമ്മിറ്റി പരിസരത്ത് നടന്ന വോട്ടെണ്ണല്‍ ആദ്യഘട്ടങ്ങളില്‍ നാടകീയമായിരുന്നു. ആദ്യത്തെ പത്ത് റൗണ്ടുകളില്‍ ജെ.ഡി.യു സ്ഥാനാര്‍ത്ഥി മന്‍സര്‍ ആലം ലീഡ് നിലനിര്‍ത്തുകയും എന്‍.ഡി.എ പ്രവര്‍ത്തകര്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കൂടുതല്‍ റൗണ്ടുകള്‍ പിന്നിട്ടത്തോടെ എ.ഐ.എം.ഐ.എം ശക്തമായ മുന്നേറ്റം നടത്തുകയും ഒടുവില്‍ മുര്‍ഷിദ് ആലം വിജയം ഉറപ്പിക്കുകയും ചെയ്തു.
ബിഹാറില്‍ എന്‍.ഡി.എ വിജയിച്ചിക്കുമ്പോഴും, സീമാഞ്ചല്‍ മേഖലയില്‍ പുതിയൊരു രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുകയാണെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്.