ബംഗാളില്‍ എസ്‌ഐആറിലൂടെ 58 ലക്ഷംപേര്‍ പുറത്ത്; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
കൊല്‍ക്കത്ത: 2026ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍നിന്ന് 58 ലക്ഷത്തിലധികം പേരെ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
കമ്മീഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഒഴിവാക്കപ്പെട്ടവരില്‍ 24 ലക്ഷം പേര്‍ മരണപ്പെട്ടവരും, 19 ലക്ഷം പേര്‍ താമസം മാറിയവരുമാണ്. കൂടാതെ, 12 ലക്ഷം പേരെ കാണാനില്ലെന്നും, 1.3 ലക്ഷം പേര്‍ ഇരട്ട വോട്ടര്‍മാരാണെന്നും കണ്ടെത്തിയതായും കമ്മീഷന്‍ പറയുന്നു. 2002നുശേഷം ഇതാദ്യമായാണ് ബംഗാളില്‍ ഇത്തരമൊരു സമഗ്രമായ വോട്ടര്‍ പട്ടിക പരിശോധന നടക്കുന്നത്.
പട്ടിക പുറത്തുവന്നതോടെ എസ്‌ഐആറിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളും പ്രതിഷേധങ്ങളും കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്. കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് മമത മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. പട്ടികയില്‍നിന്ന് പേര് വെട്ടിയാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ അവര്‍ അണികളോട് ആഹ്വാനം ചെയ്തു. എന്നാല്‍, കള്ളവോട്ടുകളും മരിച്ചവരുടെ വോട്ടുകളും നീക്കം ചെയ്യുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭയപ്പെടുകയാണെന്നും, അനധികൃത വോട്ടര്‍മാരെ സംരക്ഷിക്കാനാണ് അവരുടെ ശ്രമമെന്നും ബിജെപി പ്രതികരിച്ചു.
കരട് പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് പരാതി നല്‍കാനുള്ള അവസരമുണ്ട്. ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെ ‘ഫോം 6’ മുഖേന തിരുത്തലുകള്‍ക്കായി അപേക്ഷിക്കാം. പരാതികള്‍ പരിഹരിച്ച ശേഷം ഫെബ്രുവരിയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുക. വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.