28/03/2026
[fontresizer_tawhidurrahmandear_widget]

ഒരു മാസം എയര്‍ ഇന്ത്യ വിമാനം പറന്നത് സര്‍ട്ടിഫിക്കറ്റില്ലാതെ! ഗുരുതര സുരക്ഷാ വീഴ്ച; ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

 ഒരു മാസം എയര്‍ ഇന്ത്യ വിമാനം പറന്നത് സര്‍ട്ടിഫിക്കറ്റില്ലാതെ! ഗുരുതര സുരക്ഷാ വീഴ്ച; ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡൽഹി: കൃത്യമായ സര്‍ട്ടിഫിക്കറ്റില്ലാതെ എയർ ഇന്ത്യ വിമാനം ഒരു മാസത്തോളം സര്‍വീസ് നടത്തിയതായി കണ്ടെത്തല്‍. എയർബസ് എ320 വിമാനമാണ് നിർബന്ധിത എയർവർത്തിനെസ് റിവ്യൂ സർട്ടിഫിക്കറ്റ് (ARC) ഇല്ലാതെ നവംബറിൽ പല തവണ സർവീസ് നടത്തിയത്. ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനു പിന്നാലെ, എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ഉത്തരവാദികളായ ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

വാണിജ്യ വിമാനങ്ങൾക്ക് ആവശ്യമായ ARC, വിമാനത്തിന്റെ ഭൗതിക അവസ്ഥ, അറ്റകുറ്റപ്പണി രേഖകൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുടെ വാർഷിക പരിശോധനയ്ക്ക് ശേഷം നൽകുന്ന സുപ്രധാന രേഖയാണ്. ഈ സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ട നിലയിൽ, എയർ ഇന്ത്യയുടെ എ320 വിമാനം എട്ട് വ്യത്യസ്ത സെക്ടറുകളിൽ പറന്നുവെന്ന് ഡിജിസിഎ സ്ഥിരീകരിച്ചു. സംഭവം ഖേദകരമാണെന്നും സുരക്ഷയും പ്രവർത്തന നിലവാരവും ഉറപ്പാക്കുമെന്നും എയർ ഇന്ത്യ പ്രതികരിച്ചു.

എയർ ഇന്ത്യ-വിസ്താര ലയനത്തിന്റെ ഭാഗമായി 70 വിമാനങ്ങളുടെ ARC പുതുക്കേണ്ടതുണ്ടായിരുന്നു. ഇതിൽ 69 വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ പൂർത്തിയായപ്പോൾ, എൻജിൻ മാറ്റുന്നതിനിടെ 70-ാമത്തെ വിമാനത്തിന്റെ ARC കാലഹരണപ്പെട്ടു. പിന്നീട് വിമാനം സർവീസിലിറക്കിയപ്പോൾ ARC പുതുക്കുന്നതിൽ വീഴ്ച സംഭവിച്ചതാണ് ഗുരുതരമായ പിഴവിന് കാരണമായത്.

ARC ഇല്ലാതെ വിമാനം സർവീസിലുണ്ടായിരുന്നുവെന്ന് എയർ ഇന്ത്യ 2025 നവംബർ 26-ന് ഡിജിസിഎയെ അറിയിച്ചു. തുടർന്ന്, റെഗുലേറ്റർ വിമാനം നിലത്തിറക്കുകയും പുതിയ ARC നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അന്വേഷണം തീരുന്നത് വരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഭാവിയിൽ ഇത്തരത്തിലുള്ള പിഴവുകൾ ഒഴിവാക്കുന്നതിനായി പ്രവർത്തന നടപടിക്രമങ്ങൾ പരിശോധിച്ച് തിരുത്താൻ എയർ ഇന്ത്യക്ക് ഡിജിസിഎ നിർദേശം നൽകി. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് എയർലൈൻ ഉറപ്പ് നൽകിയിട്ടുണ്ട്

Also read: