വയര്‍ ചാടിനില്‍ക്കുന്നുണ്ടോ? തടി കുറയ്ക്കാൻ ബദാം ബെസ്റ്റാണ്; പക്ഷെ ഇങ്ങനെ കഴിക്കണം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും വെല്ലുവിളിയാകുന്നത് ഇടവേളകളിലെ വിശപ്പും ലഘുഭക്ഷണത്തോടുള്ള ആസക്തിയുമാണ്. എന്നാൽ ഈ പ്രശ്നത്തിന് രുചികരവും പോഷകസമൃദ്ധവുമായ ഒരു പരിഹാരമാണ് ബദാം. കൃത്യമായ അളവിൽ ബദാം കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
എന്തുകൊണ്ട് ബദാം?
പ്രോട്ടീൻ, നാരുകൾ (Fiber), ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ കലവറയാണ് ബദാം. കുറഞ്ഞ ഗ്ലൈസെമിക് സൂചിക (GI) ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ബദാം കഴിക്കുമ്പോൾ പെട്ടെന്ന് വയറു നിറഞ്ഞതായി അനുഭവപ്പെടുകയും (Satiety), ഇത് അനാവശ്യമായി കൂടുതൽ ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഉത്തമമാണ്.
പഠനങ്ങൾ പറയുന്നത്
ബദാം ഉൾപ്പെടുത്തിയുള്ള കുറഞ്ഞ കലോറി ഭക്ഷണക്രമം പിന്തുടരുന്നവരിൽ, മറ്റുള്ളവരെ അപേക്ഷിച്ച് അരക്കെട്ടിന്റെ ചുറ്റളവിലും ശരീരത്തിലെ കൊഴുപ്പിലും ഗണ്യമായ കുറവുണ്ടാകുന്നതായി ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഒരു മെറ്റാ അനാലിസിസ് റിപ്പോർട്ട് പ്രകാരം, ബദാം കഴിക്കുന്നത് ശരീരഭാരം ഏകദേശം 0.56 കിലോഗ്രാം വരെ കുറയ്ക്കാൻ സഹായിക്കും.
ദിവസവും എത്ര കഴിക്കാം?
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും 1 മുതൽ 1.5 ഔൺസ് വരെ ബദാം കഴിക്കാവുന്നതാണ്. അതായത് ഏകദേശം 23 മുതൽ 40 വരെ ബദാം (20-50 ഗ്രാം). ഒരു ചെറിയ കൈപ്പിടിയിൽ ഒതുങ്ങുന്ന ഈ അളവ് വിശപ്പ് കുറയ്ക്കാനും ഊർജ്ജം നൽകാനും സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യം
ആരോഗ്യകരമാണെങ്കിലും ബദാം അമിതമായി കഴിക്കുന്നത് വിപരീത ഫലം ചെയ്തേക്കാം. വ്യായാമം ചെയ്യാതെ ദിവസവും 2 ഔൺസിൽ കൂടുതൽ കഴിക്കുന്നത് കലോറി വർദ്ധിക്കാനും ഭാരം കൂടാനും കാരണമായേക്കാം. അതിനാൽ മിതമായ അളവിൽ, ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം ബദാം ശീലമാക്കുന്നതാണ് ഉചിതം.