‘ധുരന്ധര്‍ വെറും ഫിക്ഷന്‍; ബോളിവുഡ് നിര്‍മാതാക്കള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ ഉന്നാവോ കേസില്‍ സിനിമയെടുക്കൂ’; വെല്ലുവിളിച്ച് അര്‍ണബ് ഗോസ്വാമി
ന്യൂഡല്‍ഹി: രണ്‍വീര്‍ സിങ് നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ധുരന്ധറി’നെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. സാങ്കല്‍പിക കഥകള്‍ പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാന്‍ ബോളിവുഡിന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.
റിപബ്ലിക് ടിവിയില്‍ ‘വിക്ടിം ഷെയിമിംഗ്’ (ഇരകളെ അപമാനിക്കല്‍) എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. ഉന്നാവോ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയായിരുന്നു ഇത്.
ധുരന്ധര്‍ എന്ന ചിത്രം വെറും പ്രചാരണലക്ഷ്യം വെച്ചുള്ള സാങ്കല്‍പ്പിക സൃഷ്ടിയാണെന്ന് അര്‍ണബ് ആരോപിച്ചു. ‘അക്ഷയ് ഖന്നയുടെ നൃത്തം കാണാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഇത്തരം സാങ്കല്‍പിക കഥകള്‍ കാണിച്ച് ബോളിവുഡ് ജനങ്ങളെ ശ്രദ്ധ തിരിക്കുകയാണ്. ബോളിവുഡ് നിര്‍മാതാക്കള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ ഉന്നാവോ കേസ് സിനിമയാക്കട്ടെ,’-അര്‍ണബ് തുറന്നടിച്ചു.
2017-ല്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസാണ് അര്‍ണബ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇരയെ നിശബ്ദയാക്കാന്‍ നടന്ന ശ്രമങ്ങളും വാഹനാപകടവുമെല്ലാം രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഇത്തരം ഗൗരവതരമായ വിഷയങ്ങള്‍ സിനിമയാക്കാന്‍ ബോളിവുഡ് മടിക്കുകയാണെന്നാണ് അര്‍ണബിന്റെ വാദം.
രണ്‍വീര്‍ സിങ്ങിനു പുറമെ, ആര്‍. മാധവന്‍, അക്ഷയ് ഖന്ന എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സ്‌പൈ ത്രില്ലറാണ് ധുരന്ധര്‍. കറാച്ചിയിലെ അധോലോകത്തേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യന്‍ ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. പാകിസ്ഥാന്‍ പശ്ചാത്തലമാക്കിയുള്ള ചിത്രം നേരത്തെ തന്നെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ബോളിവുഡ് സിനിമകള്‍ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്നാരോപിച്ച് നേരത്തെ ‘ദ കശ്മീര്‍ ഫയല്‍സ്’, ‘ആര്‍ട്ടിക്കിള്‍ 370’ തുടങ്ങിയ സിനിമകള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ‘ധുരന്ധറി’നെതിരെയും ചര്‍ച്ചകള്‍ സജീവമാകുന്നത്.