27/01/2026

‘ഗുരുതര ആരോപണത്തിലും സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ ബിജെപി നടപടിയില്ല; ആരോപണങ്ങള്‍ സത്യമാണോ?’, ചോദ്യങ്ങളുമായി പ്രിയങ്ക് ഖാര്‍ഗെ

 ‘ഗുരുതര ആരോപണത്തിലും സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ ബിജെപി നടപടിയില്ല; ആരോപണങ്ങള്‍ സത്യമാണോ?’, ചോദ്യങ്ങളുമായി പ്രിയങ്ക് ഖാര്‍ഗെ

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയ സംഭവത്തില്‍ ബിജെപി നേതൃത്വം പാലിക്കുന്ന മൗനം ചോദ്യം ചെയ്ത് പ്രതിപക്ഷം. കേന്ദ്രമന്ത്രിക്കെതിരായ ലൈംഗിക വെളിപ്പെടുത്തലുകളുടെ വിവരങ്ങള്‍ പുറത്തുവരാനിരിക്കുകയാണെന്നും, പ്രധാനമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ചിത്രങ്ങള്‍ യുഎസ് ഏജന്‍സികളുടെ കൈയിലുണ്ടെന്നുമായിരുന്നു സ്വാമിയുടെ പ്രധാന ആരോപണം. എക്‌സിലൂടെയാണ് ബിജെപി നേതാവിന്റെ ആരോപണങ്ങള്‍. എന്നാല്‍, വിവാദ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇത് ആയുധമാക്കി രംഗത്തെത്തിയിരിക്കുകയാണ്. (Congress leader and Karnataka minister Priyank Kharge raises questions in BJP Veteran Subramanian Swamy’s explosive allegations against PM Narendra Modi in Epstein Files)

കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ വിഷയത്തില്‍ ബിജെപി നേതൃത്വത്തെ നേരിട്ട് ചോദ്യം ചെയ്തുകൊണ്ടാണ് ഈ നീക്കം ശക്തമാക്കിയത്. ആറ് തവണ എംപിയായ ഒരു ബിജെപി നേതാവ് പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കുമെതിരെ ഇത്രയും ഗുരുതര ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചിട്ടും പാര്‍ട്ടി ഒരു നടപടിയും എടുക്കുന്നില്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

‘സാധാരണ ഉച്ചത്തില്‍ സംസാരിക്കുന്ന ബിജെപി വക്താക്കളുടെയും അന്ധഭക്തരുടെയും പടയാളികളുടെയും സംഘം പെട്ടെന്ന് നിശബ്ദമായിരിക്കുന്നു. എന്താണ് അവരെ തടയുന്നത്? സ്വന്തം എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അവര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല? അല്ലെങ്കില്‍ ഈ ആരോപണങ്ങള്‍ സത്യമാണോ?’-കോണ്‍ഗ്രസ് നേതാവ് എക്‌സ് പോസ്റ്റിലൂടെ ചോദിച്ചു.

യുഎസ് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെട്ടായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങള്‍. ബ്രഹ്മചാരിയായി സ്വയം വിശേഷിപ്പിക്കുന്ന മോദിയുടെ ബ്ലാക്ക് മെയിലിങ്ങിന് സാധ്യതയുള്ള ചിത്രങ്ങള്‍ യുഎസ് ഏജന്‍സികളുടെ കൈവശമുണ്ടെന്നും ഇത് രാജ്യത്തിന്റെ താല്‍പര്യങ്ങളെ ബാധിക്കുമെന്നും സ്വാമി ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പേരെടുത്തും സ്വാമി ആരോപണമുയര്‍ത്തിയിരുന്നു. എന്നാല്‍, തെളിവുകളില്ലാത്ത ഈ ആരോപണങ്ങള്‍ ദിശ തെറ്റിയ മിസൈലാണെന്നു പറഞ്ഞ് സംഘ് സൈബര്‍ ഹാന്‍ഡിലുകള്‍ തള്ളിക്കളഞ്ഞെങ്കിലും, പ്രതിപക്ഷ നേതാക്കള്‍ വിഷയത്തിലെ പാര്‍ട്ടി നേതാക്കളുടെ മൗനം വലിയ രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുകയാണ്.

പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയോ ബിജെപിയുടെ കേന്ദ്ര നേതൃത്വമോ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് സംശയം വര്‍ധിപ്പിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Also read: