28/03/2026
[fontresizer_tawhidurrahmandear_widget]

അദാനിക്കെതിരായ ചോദ്യത്തിന് കോഴ: മഹുവയ്ക്ക് ആശ്വാസവിധി; ലോക്പാല്‍ നടപടി റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

 അദാനിക്കെതിരായ ചോദ്യത്തിന് കോഴ: മഹുവയ്ക്ക് ആശ്വാസവിധി; ലോക്പാല്‍ നടപടി റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ‘ചോദ്യത്തിന് കോഴ’ (Cash for Query) ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക് ആശ്വാസവിധി. വിചാരണ നടപടികള്‍ തുടങ്ങാന്‍ സി.ബി.ഐക്ക് അനുമതി നല്‍കിയ ലോക്പാല്‍ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം എം.പിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് അനുമതി നല്‍കിയ നടപടിയാണ് കോടതി റദ്ദാക്കിയത്.

ജസ്റ്റിസ് അനില്‍ ക്ഷേത്രപാല്‍, ജസ്റ്റിസ് ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2013-ലെ ലോക്പാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും ലോക്പാലിന് ഗുരുതരമായ പിഴവ് പറ്റിയെന്ന് കോടതി നിരീക്ഷിച്ചു.

നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങളില്‍ നിന്ന് ‘വ്യക്തമായ വ്യതിചലനം’ ഉണ്ടായതായി ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിന് മുമ്പ് ആരോപണവിധേയനായ വ്യക്തിയുടെ വിശദീകരണം കേള്‍ക്കണമെന്നത് ലോക്പാല്‍ ആക്ട് സെക്ഷന്‍ 20(7) പ്രകാരം നിര്‍ബന്ധമാണ്. എന്നാല്‍, മഹുവയുടെ വാദം കേള്‍ക്കാതെയാണ് ലോക്പാല്‍ ഉത്തരവിറക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം നിഷ്‌കര്‍ഷിക്കുന്ന ഘടനാപരമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതിന് പകരം ലോക്പാല്‍ ബാഹ്യമായ മാര്‍ഗങ്ങളാണ് സ്വീകരിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.

ഉത്തരവ് റദ്ദാക്കിയെങ്കിലും കേസ് പൂര്‍ണമായും അവസാനിക്കുന്നില്ല. വിഷയം പുനഃപരിശോധിക്കാനായി ഹൈക്കോടതി ലോക്പാലിലേക്ക് തന്നെ തിരിച്ചയച്ചു. മഹുവയുടെ വാദം കൂടി കേട്ട ശേഷം നിയമപ്രകാരമുള്ള പുതിയ തീരുമാനമെടുക്കാന്‍ ലോക്പാലിന് കോടതി നിര്‍ദേശം നല്‍കി.

പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് പണവും പാരിതോഷികങ്ങളും കൈപ്പറ്റിയെന്നതാണ് മഹുവയ്ക്കെതിരായ ആരോപണം. ബി.ജെ.പി എം.പി നിഷികാന്ത് ദുബെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ലോക്പാല്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞ ലോക്സഭയില്‍നിന്ന് മഹുവയെ പുറത്താക്കിയിരുന്നുവെങ്കിലും, 2024-ലെ തെരഞ്ഞെടുപ്പില്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് അവര്‍ വീണ്ടും പാര്‍ലമെന്റിലെത്തുകയായിരുന്നു.

Also read: