ഇടത്തുനിന്ന് കാവിയിലേക്കോ? ബിജെപിക്ക് വോട്ട് തേടി മുന്‍ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍
മൂന്നാര്‍: സിപിഎമ്മുമായി നാല് വര്‍ഷമായി അകന്നുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി പരസ്യമായി വോട്ട് അഭ്യര്‍ഥിച്ച് രംഗത്ത്. തെരഞ്ഞെടുപ്പ് അടുത്തതോടെ വിഷയം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. സിപിഎം മുന്‍കൈയെടുത്ത് കെട്ടിപ്പടുത്ത മൂന്നാര്‍ മേഖലയിലെ സ്വാധീനമുള്ള നേതാവായിരുന്നു രാജേന്ദ്രന്‍. ഇദ്ദേഹം 15 വര്‍ഷമാണ് നിയമസഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചത്.
‘ഞാന്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളുമാണ് ഇത്തവണ പലയിടത്തായി മത്സരിക്കുന്നത്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണ് എന്റെ വോട്ട് അഭ്യര്‍ഥന,’ നിലവില്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്ന് വ്യക്തമാക്കിയ രാജേന്ദ്രന്‍ പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരികെ പ്രവേശിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ രാജേന്ദ്രന്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ നിലവിലുണ്ട്.