ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം: ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നില്‍ വൻ പ്രതിഷേധം, വിസ സേവനങ്ങൾ നിർത്തിവെച്ചു
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ വൻ പ്രതിഷേധം. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്ത് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ് ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് ഹൈക്കമ്മീഷൻ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്നാണ് തടഞ്ഞത്.
ബംഗ്ലാദേശിലെ മൈമെൻസിംഗിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ (25) മതനിന്ദ ആരോപിച്ച് ഒരു സംഘം തല്ലിക്കൊല്ലുകയും മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിന് ആധാരമായത്. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിക്ക് പുറമെ ഭോപ്പാൽ ഉൾപ്പെടെയുള്ള നഗരങ്ങളിലും പ്രതിഷേധം നടന്നു.
സംഭവത്തെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
സംഭവത്തെത്തുടർന്ന് വിസ സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഡൽഹിയിലെ ഹൈക്കമ്മീഷനിലും ത്രിപുര, സിലിഗുരി എന്നിവിടങ്ങളിലെ മിഷനുകളിലും വിസ സേവനങ്ങൾ ബംഗ്ലാദേശ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തി. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെ ബംഗ്ലാദേശ് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (ആർഎബി) അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് വ്യക്തമാക്കി.
ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ഹൈക്കമ്മീഷനിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന ബംഗ്ലാദേശിന്റെ ആരോപണങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ന്യൂനപക്ഷ സുരക്ഷയും നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ചർച്ചകൾ തുടരുകയാണ്.