28/03/2026
[fontresizer_tawhidurrahmandear_widget]

സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ഇസ്രയേല്‍; ആദ്യ രാജ്യാന്തര അംഗീകാരം

 സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ഇസ്രയേല്‍; ആദ്യ രാജ്യാന്തര അംഗീകാരം

നെതന്യാഹു സൊമാലിലാൻഡ് പ്രസിഡന്റ് അബ്ദിറഹ്മാൻ സിറോയുമായി വീഡിയോ കോൺഫറൻസിങ് വഴി സംസാരിക്കുന്നു

തെല്‍ അവീവ്: ആഫ്രിക്കന്‍ മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ചുക്കൊണ്ട്, സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഇസ്രയേല്‍. വ്യാഴാഴ്ചയാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. ഇതോടെ സൊമാലിലാന്‍ഡിനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ഇസ്രയേല്‍ മാറി.

1991ല്‍ സൊമാലിയയില്‍നിന്ന് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശമാണ് സൊമാലിലാന്‍ഡ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സ്വന്തമായി സര്‍ക്കാര്‍, കറന്‍സി, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുണ്ടെങ്കിലും ഐക്യരാഷ്ട്രസഭയോ മറ്റ് ലോകരാജ്യങ്ങളോ സൊമാലിലാന്‍ഡിനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. സൊമാലിയ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായാണ് സൊമാലിലാന്‍ഡിനെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഇസ്രയേലിന്റെ ഈ നീക്കം സൊമാലിയയുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അംഗീകാരത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൊമാലിലാന്‍ഡ് പ്രസിഡന്റ് അബ്ദിറഹ്മാന്‍ സിറോയുമായി (അബ്ദിറഹ്മാന്‍ മുഹമ്മദ് അബ്ദുല്ലാഹി) വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിച്ചു. സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനുള്ള സിറോയുടെ നേതൃത്വത്തെ പ്രശംസിച്ച നെതന്യാഹു, അദ്ദേഹത്തെ ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.

ഉഭയകക്ഷി ബന്ധം ശക്തമാക്കും ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സാര്‍ പറഞ്ഞു. ഇരു രാജ്യങ്ങളിലും എംബസികള്‍ തുറക്കാനും അംബാസഡര്‍മാരെ നിയമിക്കാനും പൂര്‍ണമായ നയതന്ത്ര ബന്ധം സ്ഥാപിക്കാനും നെതന്യാഹുവും സിറോയും സംയുക്തമായി തീരുമാനിച്ചു. സാമ്പത്തിക അഭിവൃദ്ധിക്കും മേഖലാ സുസ്ഥിരതയ്ക്കും വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും, വിവിധ മേഖലകളിലെ സഹകരണം ഉടന്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും ഗിദിയോന്‍ സാര്‍ വ്യക്തമാക്കി.

ഇതൊരു ‘ചരിത്ര നിമിഷം’ ആണെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് സിറോ, അബ്രഹാം കരാറില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചു. ഈ തന്ത്രപരമായ പങ്കാളിത്തം പരസ്പര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും മേഖലാ സമാധാനത്തിനും വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്ത്രപ്രധാനമായ ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സൊമാലിലാന്‍ഡുമായുള്ള ബന്ധം ഇസ്രയേലിന് നിര്‍ണായകമാണ്. ആഗോള ഷിപ്പിങ് റൂട്ടിലെ സുപ്രധാന പാതയായ ബാബുല്‍ മന്ദബ് കടലിടുക്കിന് സമീപമാണ് സൊമാലിലാന്‍ഡ് സ്ഥിതി ചെയ്യുന്നത്. ഹൂത്തി വിമതരുടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന ചെങ്കടല്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കാനും ആഫ്രിക്കന്‍ മുനമ്പില്‍(Horn of Africa) തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും ഈ അംഗീകാരത്തിലൂടെ ഇസ്രയേല്‍ ലക്ഷ്യമിടുന്നു.

സുരക്ഷാ സഹകരണത്തിനും സാമ്പത്തിക നിക്ഷേപങ്ങള്‍ക്കും ഈ നീക്കം വഴിതുറക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ആഭ്യന്തര യുദ്ധങ്ങളിലും അസ്ഥിരതയിലും വലയുന്ന സൊമാലിയയെ മറികടന്ന് ഇസ്രയേല്‍ നല്‍കിയ ഈ അംഗീകാരം, മറ്റ് രാജ്യങ്ങളും പിന്തുടരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Also read: