27/01/2026

ധന്‍ഖഡിന്‍റെ ‘അസാധാരണ രാജി’ രാജ്യസഭയില്‍ എടുത്തിട്ട് ഖാര്‍ഗെ; പ്രകോപിതരായി ഭരണപക്ഷം, ‘അപ്രസക്തമായ വിഷയങ്ങള്‍’ ചര്‍ച്ച ചെയ്യരുതെന്ന് നഡ്ഡയും റിജിജുവും

 ധന്‍ഖഡിന്‍റെ ‘അസാധാരണ രാജി’ രാജ്യസഭയില്‍ എടുത്തിട്ട് ഖാര്‍ഗെ; പ്രകോപിതരായി ഭരണപക്ഷം, ‘അപ്രസക്തമായ വിഷയങ്ങള്‍’ ചര്‍ച്ച ചെയ്യരുതെന്ന് നഡ്ഡയും റിജിജുവും

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍ഖഡ് രാജിവച്ച വിഷയം വീണ്ടും രാജ്യസഭയില്‍ ഉന്നയിച്ചത് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരിന് കാരണമായി. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ധന്‍ഖഡിന്റെ ‘അപ്രതീക്ഷിത രാജി’യെക്കുറിച്ച് പരാമര്‍ശിച്ചതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. (Uproar in Rajya Sabha as Mallikarjun Kharge raises Jagdeep Dhankhar’s ‘sudden exit’; Ministers JP Nadda and Kiran Rijiju ask to stop raising ‘irrelevant’ issues)

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ജഗ്ദീപ് ധന്‍ഖഡ് ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ അസാധാരണമായ രാജിക്ക് പിന്നില്‍ മറ്റു കാരണങ്ങളുണ്ടെന്ന സൂചന നല്‍കുന്ന രീതിയിലായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

‘നിങ്ങളുടെ മുന്‍ഗാമിയുടെ, രാജ്യസഭാ ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള, തികച്ചും അപ്രതീക്ഷിതവും പെട്ടെന്നുള്ളതുമായ രാജി ഞാന്‍ പരാമര്‍ശിക്കുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാകില്ലെന്ന് കരുതുന്നു. പാര്‍ലമെന്ററി ചരിത്രത്തില്‍ അഭൂതപൂര്‍വമായ നീക്കമായിരുന്നു അത്. സഭയുടെ മുഴുവന്‍ സംരക്ഷകന്‍ എന്ന നിലയില്‍, ചെയര്‍മാന്‍ സര്‍ക്കാരിന് അവകാശപ്പെട്ടതുപോലെ പ്രതിപക്ഷത്തിനും അവകാശപ്പെട്ടതാണ്,’ പുതിയ രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനെ അഭിസംബോധന ചെയ്ത് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

ധന്‍ഖഡിന് യാത്രയയപ്പ് നല്‍കാന്‍ സഭയ്ക്ക് അവസരം ലഭിക്കാതെ പോയതില്‍ തനിക്ക് വിഷമമുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. ‘അതൊന്നും പരിഗണിക്കാതെ, പ്രതിപക്ഷത്തിന് വേണ്ടി അദ്ദേഹത്തിന് നല്ല ആരോഗ്യകരമായ ജീവിതം ആശംസിക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷി നിര്‍ത്തിയായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.

പ്രതിപക്ഷ നേതാവിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ ഭരണപക്ഷ ബെഞ്ചില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും ഖാര്‍ഗെയുടെ പരാമര്‍ശത്തില്‍ രോഷം പ്രകടിപ്പിച്ചു.

‘അപ്രസക്തമായ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യരുത്. രാജ്യസഭയുടെ നിലവിലെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം’ എന്ന് നഡ്ഡ ആവശ്യപ്പെട്ടു. സഭയുടെ സമയം പാഴാക്കാതെ പ്രസക്തമായ വിഷയങ്ങള്‍ മാത്രം സംസാരിക്കണമെന്നും മന്ത്രി റിജിജു ആവശ്യപ്പെട്ടു.

ജഗ്ദീപ് ധന്‍ഖഡ് രാജിവച്ചതിന് പിന്നാലെത്തന്നെ നിരവധി അഭ്യൂഹങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പ്രചരിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാണ് രാജിക്കെന്ന് ഔദ്യോഗികമായി അറിയിച്ചെങ്കിലും, ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണ് പെട്ടെന്നുള്ള രാജിക്ക് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Also read: