ഒരു മോദി മാത്രമേയുള്ളൂ, ഹനുമാനെ പോലെ ഞാന്‍ അദ്ദേഹത്തെ സേവിക്കുന്നു-എസ് ജയശങ്കര്‍
പൂനെ: ഇന്ത്യയുടെ വിദേശനയങ്ങള്‍ നടപ്പാക്കാന്‍ ഒരു ജയശങ്കര്‍ മതിയോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തന്നെയും രാമായണത്തിലെ കഥാപാത്രങ്ങളോട് ഉപമിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇവിടെ ഒരു മോദി മാത്രമേയുള്ളൂ, ഹനുമാനെ പോലെ താന്‍ അദ്ദേഹത്തെ സേവിക്കുകയാണെന്നായിരുന്നു ജയശങ്കറിന്റെ മറുപടി.
പൂനെ പുസ്തക മേളയില്‍ നടന്ന സംവാദത്തിനിടെ സദസ്സില്‍ നിന്നുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘താങ്കളുടെ ചോദ്യം തെറ്റാണ്. നമുക്ക് ഒരു മോദിയുണ്ട് എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്. കാരണം, ആത്യന്തികമായി ശ്രീഹനുമാന്‍ സേവിക്കുകയാണ് ചെയ്യുന്നത്,’ ജയശങ്കര്‍ പറഞ്ഞു.
രാജ്യങ്ങളെ നിര്‍വചിക്കുന്നത് അവിടുത്തെ നേതാക്കളും അവരുടെ കാഴ്ചപ്പാടുകളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആ കാഴ്ചപ്പാടുകള്‍ നടപ്പാക്കുന്നവര്‍ ഉണ്ടാകാം. എന്നാല്‍ അന്തിമമായി ആ കാഴ്ചപ്പാടും നേതൃത്വവും ആത്മവിശ്വാസവുമാണ് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത്,’ – പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകള്‍ നടപ്പാക്കുന്ന വിശ്വസ്തനായ അനുയായി എന്ന നിലയില്‍ തന്നെ ഹനുമാനോട് ഉപമിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
മഹാഭാരതത്തിലെ ശ്രീകൃഷ്ണനെയും രാമായണത്തിലെ ഹനുമാനെയും ലോകത്തിലെ ഏറ്റവും മികച്ച നയതന്ത്രജ്ഞരായും അദ്ദേഹം വിശേഷിപ്പിച്ചു. ‘ലങ്കയില്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ഹനുമാനെ അയച്ചത്. എന്നാല്‍, അദ്ദേഹം സീതയെ കണ്ട് മനോവീര്യം വര്‍ധിപ്പിച്ചു, രാവണന്റെ സജ്ജീകരണങ്ങള്‍ വിലയിരുത്തി, ഒരൊറ്റ ജോലി ഏല്‍പ്പിച്ചപ്പോള്‍ പത്തു കാര്യങ്ങള്‍ ചെയ്തു തീര്‍ത്തു. ഇതിലും വലിയൊരു നയതന്ത്രജ്ഞനില്ല,’ – നയതന്ത്രജ്ഞന്‍ എന്ന നിലയിലുള്ള തന്റെ ദൗത്യത്തെക്കുറിച്ചുള്ള പരോക്ഷ സൂചനയായി ജയശങ്കര്‍ പറഞ്ഞു.