10/06/2026
[fontresizer_tawhidurrahmandear_widget]

‘പ്രതി മാനസികരോഗിയല്ല; വേഷവും താടിയും നോക്കി തിരഞ്ഞുപിടിച്ചാണ് യാത്രക്കാരെ വെടിവച്ചുകൊന്നത്’

 ‘പ്രതി മാനസികരോഗിയല്ല; വേഷവും താടിയും നോക്കി തിരഞ്ഞുപിടിച്ചാണ് യാത്രക്കാരെ വെടിവച്ചുകൊന്നത്’

മുംബൈ: ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ വെച്ച് സീനിയര്‍ ഉദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പോലീസ്. പ്രതി മാനസികരോഗിയല്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇതു സാധാരണ കൊലപാതകമല്ലെന്നും, അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഗണത്തില്‍പ്പെടുന്ന കേസാണെന്നും സര്‍ക്കാര്‍ റെയില്‍വേ പോലീസ് (ജിആര്‍പി) കോടതിയെ അറിയിച്ചു.

ദിന്‍ദോഷി സെഷന്‍സ് കോടതിയിലാണ് പോലീസ് ജാമ്യാപേക്ഷയ്‌ക്കെതിരെ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്നത്ര ഗൗരവമുള്ളതാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

നാല് നിരപരാധികളെയാണ് ചേതന്‍ സിങ് കൊലപ്പെടുത്തിയത്. ഇത് വധശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കൃത്യം നടക്കുമ്പോള്‍ താന്‍ മാനസികമായി അസ്ഥിരനായിരുന്നുവെന്ന പ്രതിയുടെ വാദം പോലീസ് തള്ളി. കൃത്യമായ ബോധത്തോടെയും പ്ലാനിങ്ങോടെയുമാണ് കൊലപാതകം നടത്തിയത്. യാത്രക്കാരുടെ വേഷവും താടിയും നോക്കി തിരഞ്ഞുപിടിച്ചാണ് അദ്ദേഹം വെടിയുതിര്‍ത്തത്. ഇതിനിടയില്‍ ചിലരെ ഒഴിവാക്കുകയും ചെയ്തു. ഇത് പ്രതിക്ക് നല്ല സമനില ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് ഓര്‍മ്മിപ്പിച്ചു. 2017-ല്‍ ഉജ്ജയിനില്‍ വെച്ച് സഹപ്രവര്‍ത്തകനെ ഉപദ്രവിച്ച ചരിത്രവും ഇയാള്‍ക്കുണ്ടെന്നും പ്രോസിക്യൂഷന്‍ സൂചിപ്പിച്ചു.

2023 ജൂലൈ 31-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. എഎസ്‌ഐ ടിക്കാറാം മീന, യാത്രക്കാരായ അബ്ദുള്‍ ഖാദര്‍, അസ്ഗര്‍ അലി, സയിദ് സൈഫുദ്ദീന്‍ എന്നിവരെയാണ് ചേതന്‍ സിങ് വെടിവെച്ചു കൊന്നത്. സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. കേസ് ഡിസംബര്‍ 16-ന് കോടതി വീണ്ടും പരിഗണിക്കും.

Also read: