’പരിഷ്കാരങ്ങളുടെ പേരിൽ ജനങ്ങളെ വലയ്ക്കരുത്; നിയമങ്ങൾ അവർക്ക് ഭാരമാകരുത്’-ഇൻഡിഗോ പ്രതിസന്ധിക്കിടെ കർശന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ അത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ എൻഡിഎ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ നിയമങ്ങൾ രാജ്യത്തെ വിമാന സർവീസുകളെ താളംതെറ്റിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം എന്നത് ശ്രദ്ധേയമാണ്.
”പരിഷ്കാരങ്ങളുടെ പേരിൽ പൗരന്മാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നിയമങ്ങൾ ഉണ്ടാകരുത്. നിയമങ്ങൾ ജനങ്ങൾക്ക് ഭാരമാവുകയല്ല, മറിച്ച് അവരുടെ ജീവിതം എളുപ്പമാക്കുന്നതാകണം,”പ്രധാനമന്ത്രി പറഞ്ഞതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
പൈലറ്റുമാരുടെ ക്ഷീണം കുറയ്ക്കുന്നതിനായി (Fatigue Management) ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കൊണ്ടുവന്ന പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നതിലെ ആസൂത്രണ പിഴവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ നൂറുകണക്കിന് സർവീസുകളാണ് പൈലറ്റുമാരില്ലാത്തതിനാൽ ഒരാഴ്ചയായി മുടങ്ങിക്കിടക്കുന്നത്.
യാത്രക്കാർ വലയുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ശക്തമാക്കി.
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിന് ഡിജിസിഎ (DGCA) കാരണം കാണിക്കൽ നോട്ടീസ് നൽകി. സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രതിസന്ധി മറികടക്കാൻ ഡിസംബർ 31 വരെ ഇൻഡിഗോയുടെ 5 ശതമാനം സർവീസുകൾ (പ്രതിദിനം നൂറോളം വിമാനങ്ങൾ) വെട്ടിക്കുറയ്ക്കാൻ ഡിജിസിഎ ഉത്തരവിട്ടു. പുതുക്കിയ സമയക്രമം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കുള്ളിൽ സമർപ്പിക്കാനും എയർലൈനോട് ആവശ്യപ്പെട്ടിട്ടുണ്ട്.