02/03/2026
[fontresizer_tawhidurrahmandear_widget]

‘സഞ്ചാര്‍ സാഥി ചാര ആപ്പ്, രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നു’; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

 ‘സഞ്ചാര്‍ സാഥി ചാര ആപ്പ്, രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നു’; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പുതിയ മൊബൈല്‍ ഫോണുകളില്‍ ‘സഞ്ചാര്‍ സാഥി’ ആപ്ലിക്കേഷന്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ (DoT) ഉത്തരവ് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സൈബര്‍ തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഈ നീക്കം പൗരന്മാരുടെ സ്വകാര്യതയ്ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ശക്തമായി വിമര്‍ശിച്ചു.

ഇതൊരു ‘ചാര ആപ്പ്’ ആണെന്നും, എല്ലാ പൗരന്മാരെയും നിരീക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ‘ഇത് വെറും ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, രാജ്യം എല്ലാ അര്‍ത്ഥത്തിലും ഏകാധിപത്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഒരു വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തതുകൊണ്ടാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കാത്തത്,’ അവര്‍ പറഞ്ഞു. തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതും ഓരോ പൗരനും ഫോണില്‍ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുന്നതും തമ്മില്‍ നേരിയ ഒരു അതിര്‍വരമ്പ് മാത്രമേയുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ടെലികോം വിഭവങ്ങളുടെ ദുരുപയോഗം തടയുക, സൈബര്‍ തട്ടിപ്പുകളില്‍നിന്നും കള്ളക്കൈമാറ്റം ചെയ്യപ്പെട്ട ഫോണുകളില്‍നിന്നും പൗരന്മാരെ സംരക്ഷിക്കുക എന്നിവയാണ് സഞ്ചാര്‍ സാഥി ആപ്പിന്റെ ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഉപയോക്താവിന്റെ ഇഷ്ടത്തിന് വിടുന്നുവെന്നും, ആവശ്യമെങ്കില്‍ ഡിലീറ്റ് ചെയ്യാമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരിച്ചു. ആപ്പ് സന്ദേശങ്ങളോ കോളുകളോ ചോര്‍ത്തുന്നില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പ്രതിപക്ഷത്തിന് മറുപടി നല്‍കിക്കൊണ്ട്, പുതിയ വിഷയങ്ങള്‍ കുത്തിപ്പൊക്കി സഭ തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പാര്‍ലമെന്റ് സ്തംഭിപ്പിക്കാനുള്ള ആയുധമായി വിഷയങ്ങള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: