’പത്മനാഭസ്വാമി ക്ഷേത്രത്തിലും കണ്ണുവച്ചു;ലക്ഷ്യമിട്ടത് 1,000 കോടി’, ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക വെളിപ്പെടുത്തൽ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ഡി മണി എന്നറിയപ്പെടുന്ന ബാലമുരുകനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. ചെന്നൈ സ്വദേശിയായ ഇയാൾ ‘ഡയമണ്ട് മണി’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ശബരിമലയ്ക്ക് പുറമെ പത്മനാഭസ്വാമി ക്ഷേത്രവും ഈ അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘത്തിന്റെ ലക്ഷ്യമായിരുന്നെന്ന് സൂചനയുണ്ട്.
വിദേശ വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 2019-20 കാലഘട്ടത്തിൽ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ ശബരിമലയിൽ നിന്ന് വിദേശത്തേക്ക് കടത്തിയതായാണ് വെളിപ്പെടുത്തൽ. ഉണ്ണിക്കൃഷ്ണൻ പോറ്റി എന്ന ഇടനിലക്കാരൻ വഴിയാണ് ഡി മണി വിഗ്രഹങ്ങൾ വാങ്ങിയതെന്നും, ദേവസ്വം ഭരണചുമതലയിലുണ്ടായിരുന്ന ഉന്നതന്റെ സാന്നിധ്യത്തിലാണ് പണം കൈമാറിയതെന്നും മൊഴിയിലുണ്ട്.
അതേസമയം, കേസ് സിബിഐക്ക് വിടണമെന്ന ഹരജി ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും. കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് സമർപ്പിച്ച കക്ഷി ചേരൽ അപേക്ഷ പരിഗണിക്കവെ, കോടതി സമയം പാഴാക്കിയതിന് ഹരജിക്കാരന് ഹൈക്കോടതി 10,000 രൂപ പിഴ ചുമത്തി.