28/03/2026
[fontresizer_tawhidurrahmandear_widget]

പ്രധാനമന്ത്രി മോദി അജ്മീറില്‍ ‘ചാദര്‍’ സമര്‍പ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹരജി; പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

 പ്രധാനമന്ത്രി മോദി അജ്മീറില്‍ ‘ചാദര്‍’ സമര്‍പ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹരജി; പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

അജ്മീര്‍ ദര്‍ഗയിലേക്കുള്ള ‘ചാദറു’മായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ചാദര്‍'(വിരിപ്പ്) സമര്‍പ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാല്‍, ആവശ്യം സുപ്രീം കോടതി നിരസിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ വെക്കേഷന്‍ ബെഞ്ചാണ് കഴിഞ്ഞ ദിവസം ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം നിരസിച്ചത്. അജ്മീര്‍ ദര്‍ഗയിലെ ‘ഉറൂസ്’ ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസ് ചാദര്‍ സമര്‍പ്പിക്കുന്നത് തടയണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും, ഇന്ന് ഒരു കേസും ലിസ്റ്റ് ചെയ്യില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഡിസംബര്‍ 26-ന് കേസ് പരിഗണിക്കണമെന്ന ആവശ്യത്തോട്, അതിനായി കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാനും കോടതി നിര്‍ദേശിച്ചു.

ഹിന്ദു സേന പ്രസിഡന്റ് വിഷ്ണു ഗുപ്ത, വിശ്വ വേദിക് സനാതന്‍ സംഘ് പ്രസിഡന്റ് ജിതേന്ദര്‍ സിങ് എന്നിവരാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. അജ്മീര്‍ ദര്‍ഗ പുരാതനമായ ഒരു ശിവക്ഷേത്രത്തിന് മുകളിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന് കാണിച്ച് രാജസ്ഥാന്‍ കോടതിയില്‍ സിവില്‍ കേസ് നിലവിലുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെ പ്രധാനമന്ത്രിയുടെ പേരില്‍ ‘ചാദര്‍’ സമര്‍പ്പിക്കുന്നത് കേസിനെ ബാധിക്കുമെന്നും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ഹരജിക്കാര്‍ വാദിക്കുന്നു.

1947-ല്‍ ജവഹര്‍ലാല്‍ നെഹ്റുവാണ് ഈ പതിവ് തുടങ്ങിയതെന്നും, ഇതിന് നിയമപരമായോ ഭരണഘടനാപരമായോ സാധുതയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ചെലവില്‍ ഇത്തരം മതാചാരങ്ങള്‍ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിക്കാര്‍ ആരോപിച്ചു.

അജ്മീര്‍ ദര്‍ഗയില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേ ആവശ്യപ്പെട്ടുള്ള ഹരജിയില്‍ രാജസ്ഥാന്‍ കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ദര്‍ഗയ്ക്കടിയില്‍ ശിവലിംഗമുണ്ടെന്നും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെയുണ്ടെന്നുമാണ് ഹരജിക്കാരുടെ വാദം. എന്നാല്‍, 1991-ലെ ആരാധനാലയ നിയമം ചൂണ്ടിക്കാട്ടി, ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്ന തരത്തിലുള്ള പുതിയ സിവില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീം കോടതി അടുത്തിടെ നിര്‍ദേശിച്ചിരുന്നു.

Also read: