01/04/2026
[fontresizer_tawhidurrahmandear_widget]

സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശശി തരൂര്‍; വരുമെന്ന് ഉറപ്പുനല്‍കിയതായി സംഘാടകര്‍-വിവാദം

 സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശശി തരൂര്‍; വരുമെന്ന് ഉറപ്പുനല്‍കിയതായി സംഘാടകര്‍-വിവാദം

തിരുവനന്തപുരം: വി.ഡി സവര്‍ക്കറുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വ്യക്തമാക്കി. തരൂരിന്റെ ഓഫീസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, പുരസ്‌കാരം സ്വീകരിക്കാമെന്ന് തരൂര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നതായും, അവസാന നിമിഷമുള്ള പിന്മാറ്റം അപ്രതീക്ഷിതമാണെന്നും സംഘാടകര്‍ അവകാശപ്പെട്ടതോടെ വിഷയം വിവാദമായിരിക്കുകയാണ്.

എച്ച്ആര്‍ഡിഎസ് ഇന്ത്യയാണ് പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന് പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. തരൂരിനെ കൂടാതെ വിവിധ മേഖലകളില്‍നിന്നായി മറ്റ് അഞ്ച് പേര്‍ കൂടി പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പുരസ്‌കാരം സ്വീകരിക്കാന്‍ തരൂര്‍ വിസമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തരൂര്‍ വ്യക്തമാക്കി. അവാര്‍ഡിനെ കുറിച്ചും സംഘാടകരെ കുറിച്ചും വ്യക്തത കിട്ടിയിരുന്നില്ലെന്നും, അതിനാല്‍ ബഹുമതി സ്വീകരിക്കുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി.

അതേസമയം, തരൂരിന്റെ പിന്മാറ്റത്തില്‍ സംഘാടകര്‍ അതൃപ്തി രേഖപ്പെടുത്തി. പരിപാടിയുടെ വിവരങ്ങള്‍ അറിയിച്ചപ്പോള്‍ തരൂര്‍ അനുകൂലമായി പ്രതികരിക്കുകയും പങ്കെടുക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നുവെന്നാണ് സംഘാടകരുടെ വാദം.

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുകൂലമായ പരാമര്‍ശങ്ങളുമായി തരൂര്‍ വിവാദം സൃഷ്ടിക്കുന്നതിനിടെയാണ് പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമാണ്.

Also read: